Kerala

വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവം; പോലീസ് കേസെടുത്തു – schoolgirl attacked by classmates

തെങ്ങോട് ഗവ. ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് സഹപാഠികള്‍ നായ്കുരണ പൊടി എറിഞ്ഞത്

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസാണ് സംഭവത്തിൽ കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തെങ്ങോട് ഗവ. ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് സഹപാഠികള്‍ നായ്കുരണ പൊടി എറിഞ്ഞത്.

അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും രണ്ട് അധ്യാപകര്‍ക്ക് എതിരെയുമാണ് വിദ്യാര്‍ത്ഥിനി പരാതി പറഞ്ഞത്. നായ്കുരണ പൊടി എറിയുന്നതിന് മുന്‍പ് ഇതേ വിദ്യാര്‍ത്ഥികള്‍ തന്നെ ഡെസ്‌ക്ക് ഉപയോഗിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥിനി പോലീസിനോട് പറഞ്ഞു. സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി.

ബോധപൂര്‍വ്വവമുള്ള ഉപദ്രവിക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെല്ലാവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഈ പെണ്‍കുട്ടി. പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കെതിരേ കാര്യമായ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറഞ്ഞിരുന്നതായും കുട്ടിയുടെ അമ്മ പരാതിപ്പെട്ടു. കടുത്ത ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോര്‍ഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥിനി.

STORY HIGHLIGHT: schoolgirl attacked by classmates