എന്നും തയ്യാറാക്കുന്ന പുട്ടിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു പുട്ട് ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന അയലപ്പുട്ട് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി- ആവശ്യത്തിന്
- അയല- 3 എണ്ണം
- മഞ്ഞൾപൊടി- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- വാളൻപ്പുളി- ഒരു ചെറിയ ഉരുള
- തേങ്ങ- അരമുറി
- ഇഞ്ചി- ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി- 6 അല്ലി
- ചുവന്ന മുളക്- 4
- ഉലുവ- അര ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- ജീരകം – അര ടീസ്പൂൺ
- പച്ചമുളക്- 1
- കുരുമുളക് പൊടി- കാൽ ടീസ്പൂൺ
- ചെറിയ ഉള്ളി- 150 ഗ്രാം
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ അയലയിലേക്ക് അൽപ്പം വെള്ളം ഒഴിച്ച്, മഞ്ഞൾപൊടി, ഉപ്പ്, പുളി വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക. വെന്തു കഴിയുമ്പോൾ, മുള്ളില്ലാതെ അയലയുടെ മാംസം മാത്രം അടർത്തിയെടുക്കുക. ഒരു മിക്സി ജാറിൽ തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം എന്നിവ അരച്ചെടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ഉലുവ പൊട്ടിച്ച് അതിലേക്ക് ചുവന്ന മുളക് ചേർക്കുക. അതിലേക്ക് ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
ഇതിലേക്ക് വേവിച്ചു വച്ച അയല ചേർക്കുക. കുരുമുളകുപൊടിയും അരച്ചുവച്ച തേങ്ങയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. ഇനി പുട്ടുകുറ്റിയെടുത്ത് പുട്ടുപൊടി നിറയ്ക്കുക. പീരയ്ക്ക് പകരം തയ്യാറാക്കി വച്ച അയല മസാലയിടാം. ശേഷം ആവിയിൽ വേവിച്ചെടുക്കുക.