കായ്പോള അഥവാ പഴം പോള, കിടിലൻ സ്വാദാണ് ഇതിന്. അധികം ചേരുവകൾ ആവശ്യമില്ലാദി തയ്യാറാക്കാൻ പറ്റുന്ന ഒരു സ്നാക്ക്സ് റെസിപ്പിയാണ് കായ്പോള. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പഴം- 2
- മുട്ട- 4
- പഞ്ചസാര- 4 ടേബിൾസ്പൂൺ
- ഏലംപൊടി- അര ടീസ്പൂൺ
- ഉപ്പ്-
- പാല്- 2 ടേബിൾ സ്പൂൺ
- നെയ്യ്- 2 ടേബിൾ സ്പൂൺ
- അണ്ടിപരിപ്പും ഉണക്കമുന്തിരിയും- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഴം ചെറിയ കഷ്ണണങ്ങളാക്കി മുറിക്കുക. ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിക്കുക. അണ്ടിപരിപ്പും മുന്തിരിയും വഴറ്റി കോരി മാറ്റി വയ്ക്കുക. ശേഷിക്കുന്ന നെയ്യിലേക്ക് മുറിച്ചുവച്ച പഴം ഇട്ട് നന്നായി വഴറ്റിയെടുക്കുക. വഴറ്റിയ പഴം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാനായി വയ്ക്കുക. ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ഏലയ്ക്ക പൊടി, പാൽ എന്നിവയും ചേർത്ത് നന്നായി അടിച്ചെടുക്കുക. നന്നായി പതഞ്ഞുവരുന്നതു വരെ അടിച്ചെടുക്കണം.
പതഞ്ഞു കിട്ടിയ മുട്ട മിശ്രിതം വേവിച്ചുവച്ച പഴത്തിലേക്ക് ഒഴിക്കുക. വറുത്തുവച്ച മുന്തിരിയും അണ്ടിപരിപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. സ്റ്റൗവിൽ ആദ്യം കട്ടിയുള്ള ഒരു തട്ട് വയ്ക്കുക. അതിനു മുകളിലായി വേണം പാചകത്തിനുള്ള പാൻ വയ്ക്കാൻ. പെട്ടെന്ന് അടിയിൽ പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പാൻ ഒന്നു ചൂടാകുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച മുട്ട- പഴം മിശ്രിതം ഒഴിച്ച് അടച്ചുവെച്ച് 25 മിനിറ്റോളം ചെറുതീയിൽ വേവിക്കുക. കായ്പോള വെന്തുകഴിയുമ്പോൾ മറ്റൊരു പാനിലേക്ക് മറിച്ചിട്ട് മുകൾഭാഗവും ഒന്നു വേവിച്ചെടുക്കാം. നന്നായി തണുത്തതിനു ശേഷം കഴിക്കുന്നതാണ് രുചികരം.