Kerala

വിമർശനങ്ങൾക്ക് പിന്നാലെ രോഗിയുടെ കുടുംബം സമ്മാനിച്ച കാർ തിരിച്ചുനല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍ – charity worker shameer kunnamangalam

ചികിത്സയ്ക്കായി പിരിച്ച തുകയില്‍നിന്ന് ഒരു രൂപ പോലും ഈ കാറിന് വേണ്ടി ചെലവഴിച്ചിട്ടില്ല

ചികിത്സയ്ക്കായി മൂന്ന് കോടി പിരിച്ചുനല്‍കിയതിന് രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ തിരിച്ചുനല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍ ഷമീര്‍ കുന്ദമംഗലം. സമ്മാനം കൈപ്പറ്റിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് കാർ തിരിച്ചുനൽകിയത്. കൊണ്ടോട്ടിയില്‍വെച്ച് കുടുംബത്തിന് താക്കോല്‍ തിരികെ നല്‍കുകയും ഇതിന്റെ വീഡിയോ ഷമീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ആ കാറില്‍ സമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ലെന്നും അത് സ്വീകരിച്ച തന്റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഷമീര്‍ പറഞ്ഞു. എന്നാൽ കാറിന്റെ താക്കോല്‍ തന്നപ്പോല്‍ വേദിയില്‍വെച്ച് തന്നെ താന്‍ അത് നിരസിക്കണമായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിന് പ്രയാസമാകും എന്നതിനാലാണ് താന്‍ അത് ചെയ്യാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങിലാണ് രോഗിയുടെ കുടുംബം കാറിന്റെ താക്കോല്‍ കൈമാറിയത്. എസ്.എം.എം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായാണ് ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെയാണ് ഷമീര്‍ മൂന്ന് കോടി രൂപ സമാഹരിച്ചുനല്‍കിയത്. കാര്‍ സമ്മാനമായി നല്‍കാന്‍ കഴിവുള്ള കുടുംബത്തിന് വേണ്ടിയാണോ പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ചത് എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.

എന്നാൽ ചികിത്സയ്ക്കായി പിരിച്ച തുകയില്‍നിന്ന് ഒരു രൂപ പോലും ഈ കാറിന് വേണ്ടി ചെലവഴിച്ചിട്ടില്ല എന്നും രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാര്‍ സമ്മാനിച്ചതെന്നും അത് പുതിയ കാര്‍ അല്ലെന്നും ഷമീര്‍ പറഞ്ഞു.

STORY HIGHLIGHT: charity worker shameer kunnamangalam