Sports

രഞ്ജി ട്രോഫി; കപ്പടിച്ച് വിദര്‍ഭ; അഭിമാനത്തോടെ മടങ്ങി കേരള ടീം, ആദ്യ ഇന്നിങ്‌സില്‍ നേടിയ 37 റണ്‍സിന്റെ ലീഡാണ് വിദര്‍ഭയ്ക്ക് നേട്ടമായി

നാഗ്പൂരില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ ചാമ്പ്യന്‍മാര്‍. കേരളവുമായുള്ള ഫൈനല്‍ സമനിലയിലായതോടെയാണ് വിദര്‍ഭ രഞ്ജിയില്‍ വീണ്ടും കിരീടമണിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ 37 റണ്‍സിന്റെ ലീഡാണ് കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് സഹായമായത്. വിദര്‍ഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. 2018, 2019 വര്‍ഷങ്ങളിലായിരുന്നു രഞ്ജിയിലെ വിദര്‍ഭയുടെ ഇതിന് മുന്നേയുള്ള കിരീട നേട്ടം. കഴിഞ്ഞ തവണ ഫൈനല്‍ വരെയെത്താനും ടീമിന് സാധിച്ചിരുന്നു. കേരളത്തിന്ർറെ പ്രഥമ രഞ്ജി ഫൈനലായിരുന്നു ഇത്.

വിദര്‍ഭയുടെ ഒന്‍പത് വിക്കറ്റുകള്‍ കേരളത്തിന് വീഴ്ത്താന്‍ സാധിച്ചെങ്കിലും അവസാന വിക്കറ്റ് എടുക്കുന്നതില്‍ താമസമുണ്ടായപ്പോള്‍ കേരളം സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയുടെ പത്താം വിക്കറ്റ് നീണ്ടുപോയതാണ് കേരളത്തിന് മത്സരത്തില്‍ തിരിച്ചടിയായത്. രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വിദര്‍ഭയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേരള ബൗളര്‍മാര്‍ പ്രതീക്ഷ നല്‍കി. ഒരു റണ്ണെടുത്ത പാര്‍ഥ് റെഖാഡെയെ ജലജ് സക്‌സേനയും അഞ്ച് റണ്‍സെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി. രണ്ട് വിക്കറ്റിന് ഏഴ് റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട വിദര്‍ഭയ്ക്ക് രണ്ടാം ഇന്നിങ്‌സിലും രക്ഷകരായത് ഡാനിഷ് മലേവാര്‍-കരുണ്‍ നായര്‍ കൂട്ടുകെട്ടാണ്.

കഴിഞ്ഞദിവസം സെഞ്ചുറിയും കടന്ന് ക്രീസില്‍ നിലയുറപ്പിച്ച കരുണ്‍ നായരെ, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്റ്റമ്പുചെയ്ത് പുറത്താക്കുകയായിരുന്നു. അഞ്ചാംദിനത്തിലെ ആദ്യ വിക്കറ്റ്. 295 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 135 റണ്‍സാണ് കരുണ്‍ നേടിയത്. നേരത്തേ മൂന്നാംവിക്കറ്റില്‍ ഡാനിഷ് മാലേവറുമായി ചേര്‍ന്ന് 182 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് കേരളത്തിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരുന്നു. ക്യാപ്റ്റന്‍ അക്ഷയ് വദ്കര്‍ (25), ഹര്‍ഷ് ദുബെ (4), അക്ഷയ് കര്‍നേവര്‍ (30), നാച്ചികെട്ട് ഭൂട്ടെ (3) എന്നിവരും ഇന്ന് പുറത്തായി. ആദിത്യ സര്‍വാതെയ്ക്ക് നാലുവിക്കറ്റുകളായി.

നേരത്തേ ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിനയച്ച കേരളം 379 റണ്‍സിന് പുറത്താക്കിയിരുന്നു. ഡാനിഷ് മാലേവറിന്റെ സെഞ്ചുറിയാണ് വിദര്‍ഭയെ രക്ഷിച്ചത്. മറുപടി ബാറ്റിങ്ങില്‍ കേരളം 342 റണ്‍സിന് പുറത്തായി. 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ വിദര്‍ഭ പിന്നീട് ഏഴ് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും കരുണ്‍ നായരും മാലേവറും ചേര്‍ന്ന് മതിലുപോലെ നിലയുറപ്പിക്കുകയായിരുന്നു.