Sports

ചാമ്പ്യന്‍സ് ട്രോഫി; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്റിന് 250 റണ്‍സ് വിജയലക്ഷ്യം

ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന് 250 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 50 ഓവറില്‍ 09 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 15 റണ്‍സെടുത്ത് പുറത്തായി, ശുഭ്മാന്‍ ഗില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി, വിരാട് കോഹ്‌ലി 11 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നു വന്ന ശ്രേയസ് അയ്യര്‍- അക്‌സര്‍ പട്ടേല്‍ കൂട്ട്‌കെട്ട് ഇന്ത്യ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ശ്രേയസ് അയ്യര്‍ 98 പന്തില്‍ 79 റണ്‍സും അക്‌സര്‍ പട്ടേല്‍ 61 പന്തില്‍ 42 റണ്‍സും നേടി ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മികച്ച ടോട്ടലിലേക്ക് നയിച്ചു. ഇതിനുശേഷം, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ 45 പന്തില്‍ 45 റണ്‍സ് നേടി മനോഹരമായ ഇന്നിംഗ്‌സ് കാഴ്ചവെച്ചു.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, കൈല്‍ ജാമിസണ്‍, മിച്ചല്‍ സാന്റ്‌നര്‍, റാച്ചിന്‍ രവീന്ദ്ര, വില്‍ ഒ’റൂര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയും ന്യൂസിലന്‍ഡും ഈ ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം വിജയിക്കുന്ന ടീം പട്ടികയില്‍ ഒന്നാമതെത്തി ഓസ്‌ട്രേലിയയ്‌ക്കെതിരെ സെമിഫൈനലിന് യോഗ്യത നേടും. ആദ്യ സെമിഫൈനല്‍ മത്സരം മാര്‍ച്ച് 4 നും രണ്ടാം സെമിഫൈനല്‍ മത്സരം മാര്‍ച്ച് 5 നും നടക്കും.ഈ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മാര്‍ച്ച് 9 ന് നടക്കും. 2023 ലെ ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ രോഹിതും സംഘവും കിവീസിനെ പരാജയപ്പെടുത്തിയതില്‍ ഇന്ത്യക്ക് ആശ്വാസം ലഭിക്കും.