തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എംഡിഎംഎ വേട്ട. തമിഴ്നാട് ബസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. പ്രാവച്ചമ്പലത്ത് വെച്ചാണ് സിറ്റി ഡാൻസാഫ് സംഘവും നേമം പൊലീസും ചേർന്ന് ബസിൽ നിന്നും തിരുമല സ്വദേശി അജിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നഗരത്തിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയത്. കൈയിലുള്ള ബാഗിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരി വസ്തു. മുമ്പും കഞ്ചാവ് വിറ്റതിനും അജിനെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ഡി.ഹണ്ടിൻെറ ഭാഗമായാണ് ലഹരി വിൽപ്പന കേസിലെ പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഡാൻസാഫ് തുടരുന്നത്.
അതിനിടെ ടെക്നോപാർക്ക്, ഇന്‍ഫോസിസ്, യുഎസ്‌ടി ഗ്ലോബൽ തുടങ്ങിയ ഐടി സ്ഥാപനങ്ങളിലെ യുവാക്കൾക്ക് നൽകുന്നതിനായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇൻഫോസിസിന് സമീപത്തെ വീട്ടിൽ നിന്ന് വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎഎ പിടികൂടിയത്.
ഇൻഫോസിസിന് സമീപം തട്ടാക്കുടി ലൈനിൽ തിരുവോണം വീട്ടിൽ സഞ്ജു (32) ആണ് പിടിയിലായത്. ബംഗളുരുവിൽ നിന്നെത്തിച്ച എംഡിഎംഎ ചില്ലറ വില്പനയ്ക്കായി വാങ്ങി കൊണ്ടുവന്നതാണെന്ന് പൊലിസ് പറഞ്ഞു. 35 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ ശേഖരത്തിൽ നിന്നും കണ്ടെടുത്തത്.
വീട്ടിൽ നിന്നും വിൽപ്പനയക്കായുള്ള കവറുകളും ത്രാസും പൊലീസ് കണ്ടെത്തി. ഡാൻസാഫ് ടീമും കഴക്കൂട്ടം -തുമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്.ഇയാളുടെ സഹോദരൻ സച്ചു തുമ്പ പൊലിസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പൊലീസ് പരിശോധനക്കായി എത്തിയപ്പോൾ സഞ്ജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
content highlight : mdma-seized-from-secrete-compartment-of-bag-from-youth-in-trivandrum