ടെൽ അവീവ്: ഗാസ മുനമ്പിലേക്കുള്ള എല്ലാ സാധനങ്ങളുടെയും വിതരണം നിർത്തിവെച്ചതായി ഇസ്രായേൽ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ ഗാസയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾ തടഞ്ഞു. വെടിനിർത്തൽ കരാറിന്‍റെ ആദ്യ ഘട്ടം നീട്ടാൻ ഹമാസ് വിസമ്മതിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ തീരുമാനം. വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദ്ദേശം ഹമാസ് അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന്റെ ആദ്യ ഘട്ടം ശനിയാഴ്ച അവസാനിച്ചിരുന്നു. ഇസ്രായേലിന്റെ പിൻവാങ്ങലിനും ശാശ്വതമായ വെടിനിർത്തലിനും പകരമായി ഹമാസ് ശേഷിക്കുന്ന ഡസൻ കണക്കിന് ബന്ദികളെ മോചിപ്പിക്കേണ്ട രണ്ടാം ഘട്ടത്തെക്കുറിച്ച് ഇരുപക്ഷവും ഇതുവരെ ചർച്ച നടത്തിയിട്ടില്ല.
റമദാൻ, പെസഹാ വരെയോ വെടിനിർത്തലിന്റെ ആദ്യ ഘട്ടം നീട്ടാനുള്ള നിർദ്ദേശത്തെ പിന്തുണയ്ക്കുന്നതായി ഇസ്രായേൽ ഞായറാഴ്ച പറഞ്ഞിരുന്നു. യുഎസ് നിർദേശ പ്രകാരം ഹമാസ് ബന്ദികളെ പകുതി പേരെ ആദ്യ ദിവസം തന്നെ വിട്ടയക്കുമെന്നും ബാക്കിയുള്ളവരെ സ്ഥിരമായ വെടിനിർത്തലിന് ധാരണയിലെത്തുമ്പോൾ വിട്ടയക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഒരു വർഷത്തിലേറെയായി ഇസ്രായേലിനും ഹമാസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ഇസ്രായേലിന്റെ തീരുമാനം വിലകുറഞ്ഞ ബ്ലാക്ക് മെയിലിങ്ങാണെന്നും യുദ്ധക്കുറ്റമാണെന്നും സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഹമാസ് പ്രതികരിച്ചു. വെടിനിർത്തൽ കരാറിന്‍റെ നഗ്നമായ ലംഘനമാണിതെന്നും ഇസ്രായേലിന്‍റെ തീരുമാനം പിൻവലിപ്പിക്കാൻ മധ്യസ്ഥർ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ആദ്യ ഘട്ട വെടിനിർത്തൽ കരാറിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇത് 42 ദിവസം കൂടി ദീർഘിപ്പിക്കണമെന്ന നിർദേശം അമേരിക്ക മുന്നോട്ടുവെക്കുകയായിരുന്നു. ഈ നിർദേശം ഇസ്രായേൽ അംഗീകരിച്ചു. പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമ്പോൾ ബന്ദികളിൽ പകുതി പേരെ ഹമാസ് വിട്ടയക്കണമെന്നാണ് വ്യവസ്ഥ.
content highlight : israel-stops-entry-of-all-aid-and-supplies-into-gaza-