പ്രകൃതിയിൽ പല വിചിത്ര പ്രതിഭാസങ്ങളുമുണ്ട്. സാമാന്യബുദ്ധിക്ക് അത്രപെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്തത്ര വിചിത്രവും നിഗൂഢവുമായ സംഗതികൾ. അത്തരം ഒരു വിചിത്ര പ്രതിഭാസമാണ് വെള്ളച്ചാട്ടത്തിന് നടുവിലെ കെടാവിളക്ക്. അതെ, നേരിട്ട് കണ്ടാൽ പോലും ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു പ്രതിഭാസമാണത്. ആ അത്ഭുത പ്രതിഭാസത്തെ കുറിച്ചും അതിന് പിന്നിലെ രഹസ്യത്തെ കുറിച്ചുമാണ് ഇനി പറയാൻ പോകുന്നത്. ഇത് എറ്റേണൽ ഫ്ലെയിം വാട്ടർഫാൾ. ന്യുയോർക്കിലെ ചെസ്റ്റ്നട്ട് ഉദ്യോനത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ ന്യൂയോർക്കിലെ ബഫല്ലോ നഗരത്തിന് ഏകദേശം 20 മൈൽ തെക്കായാണ് ഈ ഉദ്യോനമുള്ളത്. കാഴ്ച്ചയിൽ ചെറിയൊരു വെള്ളച്ചാട്ടമാണെങ്കിലും ഈ വെള്ളച്ചാട്ടത്തിനുള്ളിൽ ഒരു അത്ഭുതം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി ഈ വെള്ളച്ചാട്ടത്തിന് നടുവിൽ ഒരു തീജ്വാലയുണ്ട്!
വെള്ളച്ചാട്ടത്തിന് നടുവിലായാണ് ഈ കെടാവിളക്കുള്ളത്. എന്നുവെച്ചാൽ വെള്ളം വന്ന് ഈ അഗ്നിനാളങ്ങളിൽ പതിച്ചാലും ഇത് അണയുന്നില്ല എന്നർത്ഥം. ഫോട്ടോഷോപ്പോ എഐ സാങ്കേതിക വിദ്യയോ എന്നൊക്കെ ഒരുപക്ഷേ നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്നാൽ, ഇത് പ്രകൃതിയുടെ തനത് സാങ്കേതിക വിദ്യ തന്നെയാണ്. വെള്ളത്തിനടിയിലും അഗ്നി കെടാതെ കത്തിജ്വലിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടത്തെ എറ്റേണൽ ഫ്ലെയിം വാട്ടർഫാൾ എന്ന് വിളിക്കുന്നത്. ഈ തീനാളം ഒരിക്കലും അണയാറില്ല. എങ്ങനെയാണ് ഈ കെടാവിളക്ക് ഇവിടെ എത്തിയത് എന്ന ചോദ്യം ആരുടെയും മനസിൽ ഉയരാം. ഇത് ഇവിടെ ആരും സ്ഥാപിച്ച വിളക്കോ മെഴുകുതിരിയോ വൈദ്യുത ദീപമോ അല്ല. നല്ല ശുദ്ധമായ തീ തന്നെ. ഈ നിത്യജ്വാലയുടെ രഹസ്യത്തിലേക്കാണ് ഇനി നാം പോകുന്നത്.
പ്രകൃതിയില്‍ തന്നെ കാണപ്പെടുന്ന പ്രത്യേകതകളാലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിനുള്ളില്‍ ഈ അഗ്നിജ്വാല കെടാതെ നില്‍ക്കുന്നത്. ഈ പാറക്കെട്ടിനിടയിലൂടെ പുറത്തേക്ക് വരുന്ന പ്രകൃതി വാതകമാണ് ഈ അഗ്നിജ്വാലക്ക് ഇന്ധനമാകുന്നത്. എന്നാൽ, ഈ പ്രകൃതി വാതകം സംബന്ധിച്ച് ശാസ്ത്രലോകത്ത് ചില തർക്കങ്ങളുണ്ട് . ഈ നിത്യജ്വാലയുടെ ഇന്ധന സ്രോതസ്സിനെ ചൊല്ലിയും ഇന്ധനമേതാണ് എന്നതിനെ കുറിച്ചുമാണ് ശാസ്ത്രലോകത്ത് തർക്കമുള്ളത്. ഭൂമിക്കടിയിൽ നിന്നും പുറംതള്ളുന്ന മീഥൈന്‍ ആണ് ഈ നിത്യജ്വാലയെ കെടാതെ കാത്തുസൂക്ഷിക്കുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ, പ്രകൃതി വാതകമാണ് ഈ തീനാളം കെടാതെ എരിഞ്ഞു കൊണ്ടേയിരിക്കാന്‍ കാരണമെന്ന് മറ്റൊരു കൂട്ടർ പറയുന്നു. അതേസമയം, ഈ അഗ്നി ജ്വാലക്ക് കാരണമായ ഇന്ധനം വരുന്നത് പാറക്കെട്ടിനടിയില്‍ നിന്നാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിന് അടിയിലേക്കുള്ളത് ഷെയില്‍ എന്ന മിശ്രിതത്താല്‍ നിർമിതമായ പാറകള്‍ തന്നെയാണെന്ന് ഒരുസംഘം ഗവേഷകർ പറയുന്നു. ഉയര്‍ന്ന താപനില നിലനില്‍ക്കുന്ന ഈ പാറക്കെട്ടിനുള്ളിലെ കാര്‍ബണ്‍ പദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായി ഷെയിലില്‍ നിന്ന് വിഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ കാര്‍ബണ്‍ പദാര്‍ത്ഥങ്ങളാണ് തീനാളത്തിന് ഇന്ധനമായി മാറുന്ന പ്രകൃതി വാതകം സൃഷ്ടിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ, മറ്റൊരു വിഭാഗം ഗവേഷകര്‍ ഇതിനെ എതിര്‍ക്കുന്നു. ഈ തരത്തില്‍ കാര്‍ബണ്‍ വിഘടിക്കാന്‍ തക്ക പഴക്കം ഈ ഷെയില്‍ പാറക്കെട്ടിനില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. പാറക്കെട്ടിനുള്ളിൽ വലിയ അളവില്‍ മീഥൈന്‍ വാതകം കുടുങ്ങി കിടക്കുന്നുണ്ടെന്നും ഈ മീഥൈന്‍ പുറത്തേക്ക് വരുന്നത് വെള്ളച്ചാട്ടത്തിനടിയിലെ നേരിയ വിടവിലൂടെയാണെന്നും ഇവര്‍ പറയുന്നു. ഈ മീഥൈനില്‍ നിന്നാണ് തീനാളം എരിഞ്ഞു കൊണ്ടിരിക്കുന്നതിനാവശ്യമായ ഇന്ധനം കണ്ടെത്തുന്നതെന്നാണ് ഇവരുടെ വിശദീകരണം. സംഗതി മീഥൈൻ ആയാലും കാർബൺ ആയാലും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. ആരാണ് ഈ വാതക ഉറവയുടെ മേൽ ആദ്യമായി അഗ്നി പകർന്നത് എന്നതാണ് ആ ചോദ്യം. ഇന്ധനം ഉണ്ടെങ്കിലും തീ വേണമെങ്കിൽ ആരെങ്കിലും കത്തിക്കാതെ തരമില്ലല്ലോ.
പ്രകൃതിയില്‍ തന്നെയുള്ള മിന്നല്‍ പോലുള്ള കാരണങ്ങളാല്‍ ഇവിടേക്ക് തീ എത്താനുള്ള സാധ്യത വളരെ വിരളാമാണെന്ന് ഗവേഷകർ പറയുന്നു. അതുകൊണ്ട് തന്നെ എന്നോ ഒരിക്കല്‍ മനുഷ്യര്‍ തന്നെയാകാം അറിഞ്ഞോ അറിയാതെയോ ഈ തീനാളത്തിന് തുടക്കമിട്ടതെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. സമാനതകളില്ലാത്ത ഈ പ്രതിഭാസത്തെ ചൊല്ലി ഒട്ടേറെ വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ നാളം കെടാതെ തുടരുന്നതിനാലാണ് ലോകം ഇങ്ങനെ നിലനിൽക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നത്. എന്നുവച്ചാൽ എന്നാണോ ഈ ജ്വാല കെടുന്നത്, അന്ന് ലോകാവസാനമാണ് എന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. എന്നാൽ, ഈ വിശ്വാസങ്ങൾക്കും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വരും നാളുകളിൽ ഈ നിത്യജ്വാലയുടെ എല്ലാ രഹസ്യങ്ങളും ശാസ്ത്രലോകം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം..
STORY HIGHLIGHTS: eternal-flame-burning-beneath-icy-waterfall-near-new-york