തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിൽ പ്രതി അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. മാതാവിനെ ആക്രമിക്കുകയും അനുജൻ അഹ്സാൻ, കാമുകി ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ പാങ്ങോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് യോഗം അഫാന്റെ ഡിസ്ചാർജ് തീരുമാനിക്കും. ഡിസ്ചാർജ് ചെയ്താൽ തൊട്ടടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകാനാണ് പാങ്ങോട് പൊലീസിന്റെ തീരുമാനം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. നേരത്തെ മജിസ്ട്രേറ്റ് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാൻ പിതാവായ അബ്ദുൽ റഹീമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.