വാഷിങ്ടൻ: ചന്ദ്രനിലിറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറായി ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ്. ഭൂമിയിൽനിന്നു കാണാവുന്ന ചന്ദ്രവശത്തെ വടക്കുകിഴക്കൻ കോണിലാണ് യുഎസ് സമയം ഇന്നലെ പുലർച്ചെ ലാൻഡർ ഇറങ്ങിയത്. ചന്ദ്രനിലിൽ ലാൻഡർ ഇറക്കാനുള്ള ഫയർഫ്ലൈയുടെ ആദ്യ ശ്രമമാണ് വിജയം കണ്ടത്. നാസയ്ക്കുവേണ്ടിയുള്ള രണ്ടാഴ്ചത്തെ ഗവേഷണ ദൗത്യമാണു മുന്നിൽ. യുഎസിലെ തന്നെ സ്വകാര്യ കമ്പനിയായ ഇൻട്യൂട്ടീവ് മെഷീൻസിന്റെ ഒഡീസിയസ് ലാൻഡർ കഴിഞ്ഞ വർഷം ചന്ദ്രനിലിറങ്ങിയിരുന്നു. ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘അഥീന’ ആറിനു ചന്ദ്രനിലിറങ്ങും.
ഒഡീസിയസിന്റെ ഇടിച്ചിറങ്ങലിനെ അപേക്ഷിച്ച് പിഴവുകളില്ലാത്ത സോഫ്ട് ലാൻഡിങ് ആയിരുന്നു ബ്ലൂ ഗോസ്റ്റിന്റേത്. ചന്ദ്രനിലിറങ്ങി ഒരു മണിക്കൂറിനുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങി. സൂര്യപ്രകാശത്തിന്റെ കണ്ണഞ്ചുംവെട്ടത്തിൽ മുങ്ങിപ്പോയ സെൽഫിയായിരുന്നു ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തിൽ നമ്മുടെ ഭൂമിയെക്കാണാം: ബഹിരാകാശ ഇരുട്ടിൽ അങ്ങകലെയായി മിന്നിനിൽക്കുന്ന ഒരു നീലപ്പൊട്ടായി.