Kerala

ഷഹബാസ് വധക്കേസ്: പ്രതിഷേധം ശക്തം; പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റിയേക്കും

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റിയേക്കും. പ്രതിഷേധത്തെതുടർന്ന് ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാനാണ് നീക്കം. നേരത്തെ വെള്ളിമാടുകുന്ന് NGO ക്വാർട്ടേഴ്സ് സ്കൂളിലാണ് പരീക്ഷ കേന്ദ്രം തീരുമാനിച്ചിരുന്നത്. പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ ജുവനൈൽ ഹോമിലേക്ക് കെഎസ്‍യുവും എംഎസ്എഫും മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

വിദ്യാർഥികൾ പഠിച്ചിരുന്ന താമരശ്ശേരി സ്കൂളിൽ പരീക്ഷ എഴുതാൻ എത്തുന്നത് സംഘർഷ സാധ്യത ഉണ്ടാകുമെന്ന് പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് സെന്‍റര്‍ മാറ്റിയത്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഷഹബാസിന് എഴുതാന്‍ സാധിക്കാത്ത പരീക്ഷ പ്രതികളെക്കൊണ്ടും എഴുതിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍.

രാവിലെയാണ് വിദ്യാർഥികളെ താമസിപ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് മുന്നിൽ കെഎസ്‍യു പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തുടര്‍ന്ന് എംഎസ്എഫ് പ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. മാര്‍ച്ച് അക്രമാസക്തമാകുകയും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.