Health

ഹെഡ്സെറ്റ് നിരന്തരം ഉപയോ​ഗിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത്.. | Headset

അമിതമായി ശബ്ദം കേൾക്കുന്നത് ചെവിക്കുള്ളിൽ വാക്സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം

സ്മാർട്ട് ഫോണുകൾക്കൊപ്പം ഇയര്‍ഫോണുകളും ശരീരത്തിന്റെ ഒരു അവയവം പോലെ ആയി മാറിയിരിക്കുകയാണ് . നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും വരെ ചെവിയില്‍ ഇയര്‍ഫോണ്‍ വേണം. എന്നാൽ ഏതുസമയവും ചെവിയിൽ തിരികി വെക്കുന്ന ഈ ഇയർഫോണുകൾ നിങ്ങളുടെ കേൾവി ശക്തിയെ തിന്നുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനമാണ്.

ആ​ഗോളതലത്തിൽ ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ ഹെഡ്ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇത് പലപ്പോഴും നമ്മള്‍ ഗൗരവമായി എടുക്കാറില്ല. ദീര്‍ഘനേരമുള്ള ഇയര്‍ഫോണ്‍ ഉപയോഗം സെൻസറിനറൽ ശ്രവണ നഷ്ടം അതായത് പൂര്‍ണമായും കേള്‍വി ശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.
കൂടാതെ അമിതമായി ശബ്ദം കേൾക്കുന്നത് ചെവിക്കുള്ളിൽ വാക്സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം.

അനുയോജ്യമല്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കുന്നത് ചെവിക്കുള്ളിൽ വേദന, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് ( ചെവിയില്‍ സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഇരമ്പല്‍ എന്ന തോന്നല്‍), ഹൈപ്പര്‍അക്യൂസിസ് (ദൈനംദിനം ശബ്ദങ്ങളോട് വര്‍ധിച്ചു വരുന്ന സംവേദനക്ഷമത) എന്നിവയിലേക്കും നയിക്കാം. കൂടാതെ മോശം ഇയര്‍ഫോണ്‍ ശുചിത്വം ചെവിക്കുള്ളില്‍ ഓട്ടോമൈക്കോസിസ് പോലുള്ള ഫംഗല്‍ ബാധയ്ക്കും കാരണമായേക്കാം.

ഇയര്‍ഫോണില്‍ 50 ഡെസിബലിന് മുകളില്‍ ശബ്ദം ഉയരുന്നത് കേള്‍വിശക്തിയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. കൂടാതെ ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ ഇടവേളയെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16 മുതൽ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളിൽ ഏതെങ്കിലും തരത്തിലുള്ള കേൾവി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സുഖപ്രദമായതും നോയ്‌സ്-കാന്‍സലിങ് ഉള്ള ഹെഡ് ഫോണുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിങ്ങിലും ശ്രദ്ധവേണം. ഗെയിം രൂപകൽപ്പന ചെയ്യുമ്പോള്‍ ഉച്ചത്തിലുള്ള, ആവേശകരമായ ശബ്ദത്തോടുള്ള അവരുടെ എക്സ്പോഷർ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. പൊതുപരിപാടികളില്‍ 100 ഡെസിബലിന് മുകളില്‍ ശബ്ദം ഉയരുന്നത് ഒഴിവാക്കണമെന്നും പ്രൊഫ. അതുല്‍ ഗോയല്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍ കേള്‍വി പരിശോധനകള്‍ നടത്തുന്നത് കേള്‍വിക്കുറവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താനും ചികിത്സക്കാനും സഹായിക്കും.

content highlight: headset