ഭോപ്പാലില്‍ 82 വയസുകാരനായ ഹോമിയോപ്പതി ഡോക്ടറെയും 36 കാരിയായ മകളെയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടര്‍ ഹരികിഷന്‍ ശര്‍മ, മകള്‍ ചിത്ര എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ചാണ് സംഭവം.
വീട്ടില്‍ നിന്ന് ഡോക്ടര്‍ എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. നാല് പേജുകളിലായാണ് ആത്മഹത്യാക്കുറിപ്പുള്ളത്. മൃതശരീരങ്ങള്‍ മെഡിക്കൽ വിദ്യാർത്ഥികള്‍ക്ക് പഠിക്കാനായി ഭോപ്പാല്‍ എയിംസിലേക്ക് വിട്ടു നല്‍കണമെന്ന് കത്തിലുണ്ട്.
നാല് വര്‍ഷം മുന്‍പ് തന്റെ ഭാര്യ മരിച്ച സങ്കടത്തില്‍ നിന്നും കരകേറാനായില്ലെന്നും ഹോമിയോപ്പതി ഡോക്ടര്‍ കൂടിയായ മകള്‍ അമ്മയെ നഷ്ടപ്പെട്ടതിനെ തുടർന്ന് വിഷാദത്തില്‍ തുടരുകയാണെന്നുമാണ് കുറിപ്പിലുള്ളത്. ഡോക്ടര്‍ ഹരികിഷന്‍ ശര്‍മ തൂങ്ങി മരിച്ചുവെന്നും എന്നാല്‍ ഡോക്ടര്‍ ചിത്ര എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
ചികിത്സയ്ക്കായി എത്തിയ ഒരു രോഗി അരമണിക്കൂറോളം ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വീടിനുള്ളിലേക്ക് എത്തിനോക്കിയപ്പോഴാണ് ഡോക്ടര്‍ ഹരികിഷന്‍ ശര്‍മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.