പാൽ പിരിഞ്ഞുപോയാൽ അതിലേക്ക് മൂന്നു നാലു ടീസ്പൂൺ നാരങ്ങാനീര് ചേർത്തുകൊടുക്കുക. ശേഷിക്കുന്ന പാൽ കൂടി പിരിഞ്ഞുവരും. വെള്ളവും പനീറും വേറെ വേറെയായി കാണാം. ഇങ്ങനെ പിരിഞ്ഞു കിട്ടിയ പാൽ ഒരു അരിപ്പ വച്ച് അരിച്ചെടുക്കണം. അരിപ്പയ്ക്കു മുകളിലായി നനവുള്ള നേർത്ത കോട്ടൺ തുണി വിരിക്കുക. ഇതിലേക്കാണ് പിരിഞ്ഞ പാൽ ഒഴിക്കേണ്ടത്. ശേഷം തുണി പിഴിഞ്ഞ് വെള്ളം മുഴുവൻ പനീറിൽ നിന്നും വേർപ്പെടുത്തിയെടുക്കുക.
ശേഷം പനീർ അതേ തുണിയാൽ കിഴികെട്ടി ഒരു സ്റ്റീൽ പാത്രത്തിൽ വയ്ക്കുക. കിഴിയ്ക്ക് മുകളിലായി ഭാരം വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഭാരം മാറ്റി തുണി തുറന്നു നോക്കുമ്പോൾ പനീർ നല്ല സെറ്റായി കിട്ടും. പിന്നീട് ആവശ്യാനുസരണം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഇങ്ങനെ ഉണ്ടാക്കുന്ന പനീർ ക്യൂബ് ആകൃതിയിൽ മുറിച്ചെടുത്ത് സിപ് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.
പിരിയാത്ത നല്ല പാലിൽ നിന്നും പനീർ ഉണ്ടാക്കാം
ഇതിനായി പാൽ തിളപ്പിക്കുമ്പോൾ അതിലേക്ക് നാരങ്ങാനീർ ഒഴിച്ചുകൊടുത്താൽ മതി. ഒരു ലിറ്റർ പാനിൽ നിന്നും 200 ഗ്രാം വരെ പനീർ ലഭിക്കും. 50 രൂപയുടെ പാൽ പിരിഞ്ഞുപോയാലെന്താ, 90 രൂപയുടെ സൂപ്പർ പനീർ ഉണ്ടാക്കാൻ പറ്റുമെങ്കിൽ ലാഭമല്ലേ? ഇന്ന് തന്നെ ട്രൈ ചെയ്യൂ.