മാമ്പഴം പഴമായും ജ്യൂസായും ഷേക്കായും ഒക്കെ മാങ്ങ കഴിച്ചു മടുത്തോ? എങ്കിൽ ഒരു വെറൈറ്റി സംഭവം ട്രൈ ചെയ്താലോ? രുചികരമായ മാംഗോ കുൽഫി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മാങ്ങ- 1
- പാൽ- അര കപ്പ്
- പഞ്ചസാര- ആവശ്യത്തിന്
- ഏലപ്പൊടി- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ പാൽ തിളപ്പിക്കുക, ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. പാൽ പകുതിയായി കുറുകുമ്പോൾ പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർക്കുക. വീണ്ടും കുറുകിവരും വരെ ചൂടാക്കുക, ഒരു ക്രീം പരുവമായി കഴിഞ്ഞാൽ ഓഫ് ചെയ്യാം. മാങ്ങയുടെ മുകൾഭാഗം പതിയെ ചെത്തി മാറ്റിവച്ചതിനു ശേഷം, കത്തിയും കത്രികയുമെല്ലാം ഉപയോഗിച്ച് മാമ്പഴത്തിനു നടുവിലെ അണ്ടി നീക്കം ചെയ്യുക. അകത്തെ പൾപ്പും സ്പൂണുകൊണ്ട് കോരി ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം.
ഈ പൾപ്പും മുൻപു തയ്യാറാക്കി വച്ച പാൽ മിശ്രിതവും ചേർത്തിളക്കുക. ശേഷം, അണ്ടി കളഞ്ഞ മാങ്ങയെടുത്ത് അകത്തെ കുഴിയിലേക്ക് തയ്യാറാക്കി വച്ച മിശ്രിതം നിറയ്ക്കുക. മുകളിലായി മാങ്ങയുടെ ചെത്തിമാറ്റിവച്ച മുകൾ ഭാഗം വച്ച് കവർ ചെയ്യാം. ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുക്കുക. നന്നായി ഫ്രീസായികഴിഞ്ഞാൽ പുറത്തെടുത്ത് മാങ്ങയുടെ തൊലി ശ്രദ്ധാപൂർവ്വം നീക്കം ചെയ്തതിനു ശേഷം റൗണ്ടായി മുറിച്ചെടുക്കാം. നട്സ് പൊടിച്ച് വിതറി സർവ്വ് ചെയ്യാം.