Automobile

22 കിമീ മൈലേജ്! മറ്റ് കിടിലൻ ഫീച്ചറുകളുമായി നിസാന്റെ കുഞ്ഞൻ എസ്‌യുവി എത്തുന്നു | Nissan new SUV

സിഎൻജി സെഗ്മെന്റിലേക്ക് മാഗ്നൈറ്റിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി

ഹാച്ച്ബാക്കിന്റെ വിലയ്ക്ക് ഇന്ത്യക്കാർക്കായി എസ്‌യുവിയെ (SUV) സമ്മാനിച്ചവരാണ് നിസാൻ (Nissan).  ഷോറൂമുകളിൽ ആളെ എത്തിച്ച മാഗ്നൈറ്റ് (Magnite) എന്ന കോംപാക്‌ട് സ്പോർട്ട് യൂട്ടിലിറ്റി വാഹനം ഇന്നും ആളുകൾക്ക് പ്രിയങ്കരമായി നിൽക്കാനുള്ള കാരണം അതിന്റെ വില തന്നെയാണ്.

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തുന്ന മോഡൽ എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്ത്തിപ്പെടുത്തുന്ന വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. ഇന്ത്യക്കാർ എപ്പോഴും ആശങ്കപ്പെടുന്ന മൈലേജിന്റെ കാര്യത്തിലും നിസാൻ മാഗ്നൈറ്റ് മിടുക്കനാണ്. എസ്‌യുവിയുടെ മാനുവലിൽ 20 കിലോമീറ്ററും സിവിടി ടർബോ വേരിയൻ്റുകൾക്ക് 17.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നിസാൻ അവകാശപ്പെടുന്നത്. ഇത് പോരെന്നുള്ളവർക്ക് പരിഹാരവും കമ്പനി കണ്ടുപിടിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, ടാറ്റ മോട്ടോർസും മാരുതി സുസുക്കിയും പോലുള്ള വമ്പൻമാർ പയറ്റുന്ന സിഎൻജി സെഗ്മെന്റിലേക്ക് മാഗ്നൈറ്റിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

മാഗ്നൈറ്റ് സിഎൻജി യാഥാർഥ്യമാവാൻ പോവുന്നുവെന്ന വാർത്തകൾ ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നുവെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്ന എസ്‌യുവി വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള സമയം കുറിച്ചിരിക്കുകയാണ് നിസാൻ ഇപ്പോൾ. അധികം കാത്തിരിക്കുകയൊന്നും വേണ്ട കേട്ടോ. ഈ വർഷം ഏപ്രിലോടെ നിസാൻ മാഗ്നൈറ്റിന് പുതിയ സിഎൻജി കിറ്റ് ലഭിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതൊരു ഡീലർ ലെവൽ ആക്സസറി കിറ്റായി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ക്വിഡ്, ട്രൈബർ, കൈഗർ എന്നിവയ്ക്ക് ഡീലർ ലെവൽ സിഎൻജി കിറ്റ് ലഭിച്ചതിന് സമാനമായിട്ടാണ് മാഗ്നൈറ്റിലേക്കും ഇതേ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ കൈഗറിനേക്കാൾ ജനപ്രിയനായ മാഗ്നൈറ്റിൽ ബൈ-ഫ്യുവൽ ഓപ്ഷൻ എത്തുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടുമെന്നതിൽ സംശയം വേണ്ട. ഒപ്പം ടാറ്റ പഞ്ചിന് അതൊരു വെല്ലുവിളികൂടിയാവുമെന്ന് വേണം പറയാൻ.

റെനോ കൈഗർ സിഎൻജിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മാനുവൽ ഗിയർബോക്സുള്ള 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലായിരിക്കും സിഎൻജി കിറ്റ് ലഭ്യമാവൂ. മാഗ്നൈറ്റിന്റെ സിഎൻജി പതിപ്പ് കിലോഗ്രാമിന് 22 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകളെ പോലെ സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ വാഹനത്തിന്റെ പവർ, ടോർക്ക് ഔട്ട്പുട്ടുകളിൽ കുറവുണ്ടാവും.

മൈലേജ് പ്രധാന ഘടകമായി കാണുന്നവർക്ക് സിഎൻജി ഫ്യുവൽ ഓപ്ഷൻ ഒരു അനുഗ്രഹമായിരിക്കും. സാധാരണ എസ്‌യുവിക്ക് നിസാൻ സ്റ്റാൻഡേർഡായി നൽകുന്ന അതേ വാറണ്ടി പിരീഡ് തന്നെയായിരിക്കും മാഗ്നൈറ്റ് സിഎൻജിക്കും ഉണ്ടായിരിക്കുക. അതായത് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടി ബൈ-ഫ്യുവൽ ഓപ്ഷനുമുണ്ടാവുമെന്ന് സാരം. കൂടാതെ, സിഎൻജി കിറ്റിന് ഡീലർ 1 വർഷത്തെ വാറണ്ടി അധികമായും നൽകും.

കാർ പാർട്‌സ് നിർമാതാക്കളായ യുനോ മിൻഡ ഗ്രൂപ്പായിരിക്കും നിസാൻ ഡീലർമാർക്ക് സിഎൻജി കിറ്റ് വിതരണം ചെയ്യുക. സി‌എൻ‌ജി കിറ്റ് എല്ലാ വേരിയന്റുകളിലും ലഭ്യമാകുമോ അതോ തെരഞ്ഞെടുത്ത ട്രിമ്മുകളിൽ മാത്രമായിരിക്കുമോ എന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നിലവിൽ ബി-എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ മെയിന്റനെൻസുള്ള മോഡൽ കൂടിയാണ് മാഗ്നൈറ്റ്. നിസാൻ പറയുന്നത് അനുസരിച്ച് 50,000 കിലോമീറ്ററിന് 39 പൈസ മാത്രമാണ് പുതിയ നിസാൻ മാഗ്‌നൈറ്റിന് വരുന്ന മെയിന്റനെൻസ് ചെലവ്. വിസിയ, വിസിയ പ്ലസ്, ആക്‌സെന്റ, എൻ-കണക്റ്റ, ടെക്‌ന, ടെക്‌ന പ്ലസ് എന്നിങ്ങനെ 6 വേരിയന്റുകളിലായി വിപണിയിലെത്തുന്ന വാഹനത്തിന് 6.12 ലക്ഷം രൂപ മുതൽ 11.72 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. സേഫ്റ്റിയിലും കേമനായ എസ്‌യുവിക്ക് മൊത്തത്തിൽ 55 തരത്തിലുള്ള സുരക്ഷാ ഫീച്ചറുകളാണാണ് കമ്പനി ഒരുക്കിയിരിക്കുന്നതും.

content highlight: Nissan new SUV