ഹരിയാനയിലെ കോൺഗ്രസ് വനിതാനേതാവ് ഹിമാനി നർവാളിന്റെ (22) കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ഹരിയാന പൊലീസ് പറഞ്ഞു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാനായി നാല് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
രാഹുൽഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’യിൽ ഉൾപ്പടെ സജീവമായിരുന്ന ഹിമാനി നർവാളിന്റെ മൃതദേഹം റോഹ്‌തക്കിലെ സാംപ്ല ബസ്‌സ്‌റ്റാൻഡിന് സമീപമാണ് കണ്ടെത്തിയത്. ശനിയാഴ്‌ച്ച രാവിലെ സാംപ്ല ബസ്‌സ്‌റ്റാൻഡ് ഫ്ലൈഓവറിന് സമീപം സ്യൂട്ട്‌കെയ്‌സ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസും ഫോറൻസിക് സംഘവും എത്തി പരിശോധനകൾ നടത്തിയതിന് ശേഷമാണ് മൃതദേഹം കോൺഗ്രസ് നേതാവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
ഹിമാനിയുടെ കഴുത്തിൽ ദുപ്പട്ട (ഷാൾ) മുറുക്കിയ നിലയിൽ കണ്ടെത്തിയതിനാൽ കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്ന് സംശയമുണ്ട്. കഴിഞ്ഞ മാസം 27നാണ് അമ്മ സവിത ഹിമാനിയുമായി അവസാനം ഫോണിൽ സംസാരിച്ചത്. പിറ്റേന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭുപീന്ദർസിങ്ങ് ഹൂഡയുടെ റാലിയിൽ പങ്കെടുക്കാൻ പോവുകയാണെന്ന് പറഞ്ഞു. അതിനടുത്ത ദിവസം അമ്മ ഹിമാനിയെ വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫാണെന്ന അറിയിപ്പാണ് ലഭിച്ചത്.
ഹരിയാനയിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിലുണ്ടായ കൊലപാതകം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. മകളുടെ മരണശേഷം പാർടിയുടെ മുതിർന്ന നേതാക്കളാരും തങ്ങളെ ബന്ധപ്പെട്ടില്ലെന്ന് ഹിമാനിയുടെ കുടുംബം ആരോപിച്ചു. മകൾക്ക് നീതി ഉറപ്പാകും വരെ അന്തിമചടങ്ങുകൾ നടത്തില്ലെന്നും അവർ അറിയിച്ചു.