കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹോദരൻ പ്രവീൺ ബാബു. ഡിവിഷൻ ബെഞ്ചിന്റെ വിധി നിരാശാജനകമാണെന്നും നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സഹോദരൻ വിമർശിച്ചു.
നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരനായ പ്രശാന്തിനെ പ്രതി ചേർത്തിട്ടില്ല. കുടുംബത്തിനും തനിക്കുമെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രവീൺ ബാബു കൂട്ടിച്ചേർത്തു.
ഹൈക്കോടതി ആവശ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി മഞ്ജുഷ പറഞ്ഞു. കോടതി വിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കുമെന്ന് മഞ്ജുഷ പറഞ്ഞു. കോടതിയിൽ നല്ല വാദമുഖങ്ങൾ അവതരിപ്പിച്ചു. ആദ്യ അഭിഭാഷകനെ മാറ്റി രാംകുമാറിനെ നിയമിച്ചിരുന്നതായി മഞ്ജുഷ പറഞ്ഞു.
പൊലീസിൽ നിന്ന് നീതി കിട്ടാതെയാണ് കോടതിയിൽ പോയതെന്ന് മഞ്ജുഷ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും പ്രധാന പ്രതികളെ എല്ലാം പൊലീസ് സംരക്ഷിക്കുന്നുവെന്നും മഞ്ജുഷ ആരോപിച്ചു. അന്വേഷണം നടക്കുന്നില്ല. സഹായിക്കുന്നവരെ തളർത്താനാണ് ശ്രമിക്കുന്നത്. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദപ്രചരണം നടത്തുന്നതെന്ന് മഞ്ജുഷ പറഞ്ഞു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.