വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഞ്ച് പേരെയാണ് ഇരുപത്തിമൂന്നുകാരനായ അഫാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകവും ഒരു കൊലപാതക ശ്രമവുമാണ് നാടിനെ നടുക്കി 23കാരൻ നടത്തിയത്. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാൻ കൊലപ്പെടുത്തിയത്. പിതൃമാതാവായ സൽമ ബീവിയെ കൊലപ്പെടുത്തിയത് ചുമരിൽ തലയിടിപ്പിച്ചാണ്. മാതാവ് ഷെമിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും ചുമരിൽ തലയിടിപ്പിച്ചാണ്. മറ്റ് നാല് പേരെ കൊലപ്പെടുത്തിയത് ചുറ്റിക ഉപയോഗിച്ചായിരുന്നു.
ഇവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ചുപേരും മരിച്ചത് തലയ്ക്ക് അടിയേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എല്ലാവരുടെയും തലയിൽ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ടെന്നും അഞ്ചുപേരുടെയും തലയോട്ടി തകർന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഓരോരുത്തരുടെയും തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. എല്ലാവരുടെയും തലയിൽ ഒന്നിലധികം ക്ഷതങ്ങളേറ്റിട്ടുണ്ട്. അഞ്ചുപേരുടെയും തലയോട്ടി തകർന്നു. പെൺസുഹൃത്തിൻ്റെയും അനുജൻ്റെയും തലയിൽ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പെൺകുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.