ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയായിരുന്നു രോഹിതിനെതിരായ ഷമയുടെ വിമര്‍ശനം.
രോഹിത് ശര്‍മ തടിയെനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്. തന്റെ പോസ്റ്റ് ബോഡി ഷെയ്മിങ് ലക്ഷ്യമിട്ടായിരുന്നില്ലെന്നും കൡക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് താന്‍ പറഞ്ഞതെന്നും ഷമ പറഞ്ഞു. ‘ഒരു കായികതാരം എപ്പോഴും ഫിറ്റ്‌നസ് ആയിരിക്കണം, രോഹിത് ശര്‍മയ്ക്ക് അല്‍പം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഞാന്‍ ട്വീറ്റ് ചെയ്തു.
ഒരു കാരണവുമില്ലാതെ ഞാന്‍ ആക്രമിക്കപ്പെട്ടു. മുന്‍ ക്യാപ്റ്റന്‍മാരുമായി ഞാന്‍ അദ്ദേഹത്തെ താരതമ്യം ചെയ്തപ്പോള്‍, ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അതുപറയാന്‍ എനിക്ക് അവകാശമുണ്ട്. അതില്‍ എന്താണ് തെറ്റെന്നും ജനാധിപത്യത്തില്‍ സംസാരിക്കാന്‍ അവകാശമില്ലേ’ – ഷമ ചോദിച്ചു. 2023ലാണ് രോഹിത് ശര്‍മ്മ ടീം ഇന്ത്യ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടം നേടുന്നത്. രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യ നേടിയിട്ടുണ്ട്.
ഷമയുടെ പോസ്റ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഷമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമര്‍ശിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ‘കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ പിന്തുടരുകയാണ്! നാണക്കേട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇനി ക്രിക്കറ്റ് കളിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത്’ പോസ്റ്റിന് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു.
content highlight: Shama Muhammed