Tech

ഷവോമി 15 സീരീസ് ഫോണുകള്‍ എത്തുന്നു; ഫിച്ചേഴ്സ് എല്ലാം ഒന്നിനൊന്ന് കിടിലൻ | Xiaomi 15 series

മാര്‍ച്ച് 11ന് ഫോണുകൾ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 15 സീരീസ് ഫോണുകള്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് പരിപാടിയില്‍ ആ​ഗോള തലത്തിൽ പുറത്തിറക്കി. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. ഇന്ത്യയില്‍ മാര്‍ച്ച് 11ന് ഇരു ഫോണുകളും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആമസോണ്‍ ഇന്ത്യ, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ ഫോണുകള്‍ ലഭ്യമാകും. ഷവോമി 15 മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിലാണ് വിപണിയില്‍ എത്തുക. അതേസമയം ഷവോമി 15 അള്‍ട്രാ സില്‍വര്‍ ക്രോം നിറത്തില്‍ മാത്രമേ ലോഞ്ച് ചെയ്യാന്‍ സാധ്യതയുള്ളൂ.
120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.36 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയുമായാണ് ഷവോമി 15 വരിക. 12GB റാമും 1ഠB UFS 4.0 വരെ സ്‌റ്റോറേജ് ഓപ്ഷനുകളും പിന്തുണയ്ക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി ശേഷിയും പ്രതീക്ഷിക്കുന്നു.

50MP മെയിന്‍ സെന്‍സര്‍ ഉള്‍ക്കൊള്ളുന്ന ലൈക്ക കാമറ സജ്ജീകരണവും 12MP അള്‍ട്രാവൈഡ് ലെന്‍സും 3x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 10MP ടെലിഫോട്ടോ ലെന്‍സും കാമറ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് കരുതുന്നു. ഷവോമി 15 അള്‍ട്രായ്ക്ക് 120Hz റിഫ്രഷ് റേറ്റും 2K റെസല്യൂഷനുമുള്ള 6.73 ഇഞ്ച് ക്വാഡ്കര്‍വ്ഡ് LTPO OLED ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 16GB വരെ റാമും 1TB ഇന്റേണല്‍ സ്‌റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് SoC ഫോണില്‍ ഉണ്ടായേക്കും. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,100 mAh ശേഷിയുള്ള ബാറ്ററിയായിരിക്കും ഫോണിന്റെ മറ്റൊരു കരുത്ത്.

content highlight: Xiaomi 15 series