നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് റോജി എം ജോൺ എംഎൽഎ. കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെയാണ് കുടുംബത്തിൽ ഉള്ളവരെ കൊല്ലുന്നത്. ലഹരിയിൽ അല്ലാതെ എങ്ങനെ ഇത് ചെയ്യാനാകും. പാഠപുസ്തകം പിടിക്കേണ്ട കയ്യിൽ നഞ്ചക്കും ആയുധങ്ങളുമാണ്.
സമരക്കാരെ ചെടിച്ചട്ടി കൊണ്ട് അടിച്ചപ്പോൾ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി ന്യായീകരിച്ചത്. സിദ്ധാർഥിന്റെ കൊലപാതകത്തിന് പിന്നിലുള്ളവർ SFI ക്കാർ ആണ്. എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് എംഎൽഎ സഭയിൽ ചോദിച്ചു.
സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. പല സ്ഥലങ്ങളിലും പൊലീസിന് മയക്കുമരുന്ന് മാഫിയയെ ഭയമാണ്. ചർച്ച നടക്കുമ്പോൾ സർക്കാർ ഇത്രയിത്ര കേസുകൾ പിടിച്ചു എന്ന് പറയുന്നു.എന്നാൽ പിടിക്കുന്നതെല്ലാം ചെറിയ മീനുകളെയാണ്. വലിയ മാഫിയകളെ തൊടുന്നില്ലെന്നും റോജി എം ജോൺ തുറന്നടിച്ചു. ഡാർക്ക് വെബിൽ ലഹരി വിൽപ്പന നടക്കുമ്പോൾ എക്സൈസിന്റെ കയ്യിൽ എന്തുണ്ട് മതിയായ വാഹനങ്ങൾ പോലുമില്ലെന്നും എംഎൽഎ പറഞ്ഞു.