പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പരിശോധന നടത്തി. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ അനുഭവിക്കുന്ന വിവിധതരം ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. ആശുപത്രിയിലെ വാര്‍ഡുകള്‍, ഫോറന്‍സിക് വാര്‍ഡ്, അടുക്കള, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങള്‍, ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയവ കമ്മീഷന്‍ പരിശോധിച്ചു. ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
അക്രമാസക്തരായ മാനസികരോഗ ബാധിതരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ കൂട്ടിരിപ്പുകാരില്ലാതെ പ്രവേശിപ്പിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ വാശിപിടിക്കാറുണ്ടെന്ന് കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. മനോരോഗം ബാധിച്ച് കിടപ്പിലായവര്‍ മരുന്ന് വാങ്ങാന്‍ നേരിട്ട് വരണമെന്ന് നിര്‍ബന്ധിക്കുന്ന ഡോക്ടര്‍മാരുണ്ടെന്നുംപരാതിയുണ്ട്. 15 ദിവസത്തേക്ക് മാത്രം മരുന്നുകള്‍ നല്‍കുന്ന പ്രവണതയും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത്തരം മരുന്നുകള്‍ യഥേഷ്ടം വാങ്ങാം.
കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ 2023ല്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ച് കമ്മീഷന്‍ വിലയിരുത്തല്‍ നടത്തി. അമിക്കസ് ക്യൂറി അഡ്വ. രാം കുമാര്‍, സൈക്യാട്രി എമിറേറ്റ്‌സ് പ്രൊഫസര്‍ ഡോ. റോയ് എബ്രഹാം, കോട്ടയം മെഡിക്കല്‍ കോളേജിലെ മനശാസ്ത്ര വിഭാഗം തലവന്‍ ഡോ. പി.ജി. സജി, ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ അനുഗമിച്ചു. കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.
CONTENT HIGH LIGHTS; Human Rights Commission Chairperson Justice Alexander Thomas visited the mental health center