Kerala

സര്‍ക്കാരും സിപിഎമ്മും ആശാവര്‍ക്കര്‍മാരെ കേരളത്തിന്റെ പൊതുശത്രുവായി കാണുന്നു: വി.ഡി സതീശന്‍

സര്‍ക്കാരും സിപിഎമ്മും ആശാവര്‍ക്കര്‍മാരെ കേരളത്തിന്റെ പൊതുശത്രുവായി ചിത്രീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ സമീപനം നീതിരഹിതമാണ്. പന്ത്രണ്ടും പതിനാലും മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട വിഭാഗമാണ് ആശാവര്‍ക്കര്‍മാര്‍. ഓണറേറിയം പോലും വെട്ടിക്കുറയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അഞ്ചുലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കുന്നില്ല.

തുച്ഛമായ ഓണറേറിയം തുക വര്‍ദ്ധിപ്പിക്കണമെന്ന് ന്യായമായ ആവശ്യമാണ് സര്‍ക്കാറിനു മുന്നിലേക്ക് ആശാവര്‍ക്കര്‍മാര്‍ വെക്കുന്നത്. എന്നിട്ടും അവരുടെ കഷ്ടപ്പാട് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. തൊഴിലാളികളായ ആശാവര്‍ക്കന്മാരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണോ കമ്മ്യൂണിസം, മുഖ്യമന്ത്രി മറുപടി പറയണം. സിപിഎമ്മിന് സമരം ചെയ്യുന്ന തൊഴിലാളികളോട് പുച്ഛമാണ്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഒരു സമരത്തിന്റെ പേരില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് കത്തിച്ച് നാല് പേരെ ജീവനോടെ കത്തിച്ച പാര്‍ട്ടിയാണ് സിപിഎം. ഇന്ന് സിപിഎം തൊഴിലാളിത്ത പാര്‍ട്ടിയല്ല. മുതലാളിത്ത പാര്‍ട്ടിയായി മാറി. തീവ്ര വലതുപക്ഷ ഭീകര ഭരണമാണ് കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് നിരുപാധിക പിന്തുണ കോണ്‍ഗ്രസ് നല്‍കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആശാവര്‍ക്കര്‍ മാരുടെ ഓണറേറിയവും ആനുകൂല്യവും വര്‍ധിപ്പിക്കും.അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍,എഐസിസി സെക്രട്ടറി വി കെ അറിവഴകന്‍, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു തുടങ്ങിയവര്‍ സംസാരിച്ചു.