മദ്യനിര്‍മ്മാണത്തിനുള്ള എഥനോളും എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളും ഇറക്കുമതി ചെയ്യുന്നതിലൂടെ കേരളത്തിന് ജിഎസ്ടി ഇനത്തില്‍ 100 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് മന്ത്രി എക്‌സൈസ് എം ബി രാജേഷ്. മദ്യനിര്‍മാണത്തിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് മാത്രമാണ് ജിഎസ്ടി ഇല്ലാത്തത്. എഥനോളിന് അഞ്ച് ശതമാനം ജിഎസ്ടി ഉണ്ട്. 18 ശതമാനം ആയിരുന്നത് കേന്ദ്രം അഞ്ചാക്കി കുറയ്ക്കുകയായിരുന്നു. ഇഎന്‍എയുടെ മൂന്നിരട്ടിയാണ് കേരളത്തിലേക്ക് നാല് പെട്രോളിയം കമ്പനികള്‍ ഇറക്കുമതി ചെയ്തിട്ടുള്ള എഥനോളിന്റെ അളവ്. 2030 ആകുമ്പോഴേക്ക് ബ്ലെന്‍ഡിങ് 30 ശതമാനം ആക്കണമെന്നാണ് കേന്ദ്രനയം. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന 30 കോടി ലിറ്റര്‍ സ്പിരിറ്റ് 75 കോടി ലിറ്ററെങ്കിലുമാകും. ഇതിലൂടെ 6000 കോടി മുതല്‍ 10,000 കോടി വരെയുള്ള ബിസിനസാണ് നഷ്ടമാകുന്നതെന്ന് ധനമന്ത്രി ബജറ്റിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ വരുമാനവും തൊഴിലവസരവും ഉണ്ടാക്കുന്ന ആ അവസരം ഉപയോഗിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. മാത്രമല്ല മദ്യം കയറ്റുമതി ചെയ്യാനുള്ള സാധ്യത കൂടിയാണ് തുറക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്ന ഒയാസിസുമായി ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയിട്ടില്ല. 10 ഘട്ട പരിശോധനകള്‍ക്ക് ശേഷമാണ് കമ്പനിക്ക് അനുമതി നല്‍കിയത്. സര്‍ക്കാരിന് തങ്ങളുടെ നയം നടപ്പാക്കാനുള്ള അവകാശം ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ അപേക്ഷകളുമായി കൂടുതല്‍ സംരഭകര്‍ വന്നാല്‍ അത് നിയമാനുസൃതം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എഥനോള്‍, ഇഎന്‍എ എന്നിവയിലൂടെ 3000- 4000 കോടി രൂപയുടെ ബിസിനസ് നടക്കുന്നു എന്നാണ് കണക്ക്. കേരളത്തിലേക്ക് എഥനോളും ഇഎന്‍എയും പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്നതിന്റെ പണം മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്നത്. 2.68 കോടി ബള്‍ക്ക് ലിറ്ററാണ് കൊണ്ടുവരുന്നത്. കര്‍ണാടകയില്‍ നിന്ന് 2.22 കോടി ലിറ്ററാണ് ഇറക്കുമതി. ഈ കമ്പനികള്‍ക്കെല്ലാം തന്നെ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. കര്‍ണാടകയിലെ ഒരു കമ്പനിയുടെ ചെയര്‍മാന്‍ അവിടത്തെ മന്ത്രിയാണ്. എംഎല്‍സിമാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. കേരളത്തില്‍ ഒരു ലക്ഷം പേര്‍ക്കാണ് ഒരു ബെവ്‌കോ ഔട്ട്‌ലെറ്റ് എങ്കില്‍ കര്‍ണാടകയില്‍ അത് 17,000 ആണ്. തമിഴ്‌നാട്ടില്‍ അതിലുമേറെയാണ്. കേരളത്തിലാണ് ഏറ്റവും കുറവ് മദ്യശാലകളെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്ത സര്‍ക്കാരുകളുടെ കാലത്ത് മദ്യശാലകള്‍ അനുവദിച്ചിട്ടുണ്ട്. ഇവയൊന്നും ടെന്‍ഡര്‍ വിളിച്ചല്ല അനുവദിച്ചത്. ബ്രൂവറി വരുന്നതുകൊണ്ട് മലമ്പുഴയില്‍ വെള്ളത്തിന് ക്ഷാമമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.