ലഹരിക്കടത്തുമായി ബന്ധപ്പെട്ടവടെ പട്ടിക തയ്യാറാക്കി അവരെ പ്രത്യേകം നിരീക്ഷിച്ച് കുറ്റകൃത്യം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേയ്ക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും ശക്തമായ പരിശോധനകള്‍ നടക്കുന്നുണ്ട്. റേഞ്ച്, സര്‍ക്കിള്‍, സ്‌ക്വാഡ് ഓഫീസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും ഇന്റലിജന്‍സ് ഷാഡോ സംവിധാനങ്ങള്‍ ഉപയോഗിച്ച് രഹസ്യ വിവരശേഖരണവും നടക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അതിര്‍ത്തി പട്രോളിംഗ്, സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, ഹൈവേ പട്രോളിംഗ് എന്നിവയും നടക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആര്‍പിഎഫിന്റെ സഹകരണത്തോടെ പരിശോധനകള്‍ നടത്തി ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുന്നുണ്ട്. മറ്റു വകുപ്പുകളുമായി ചേര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ പാര്‍ക്കുകള്‍, ബീച്ചുകള്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.