1495 -ൽ ലിയാനോർഡോ ഡാവിഞ്ചി പ്ലാന്‍ ചെയ്ത് നിർമ്മിക്കപ്പെട്ട ഒരു രഹസ്യ തുരങ്കം ഇറ്റലിയിലെ ഒരു കോട്ടയുടെ അടിയില്‍ കണ്ടെത്തിയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ശത്രുക്കളെത്തിയാല്‍, രഹസ്യ തുരങ്കത്തിലൂടെ സൈന്യത്തിന് അവരെ കടന്നാക്രമിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു തുരങ്കത്തിന്‍റെ നിര്‍മ്മാണം. ചിത്രകാരനും ശാസ്ത്രജ്ഞനും ആര്‍ക്കിടെക്റ്റുമായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയാണ് ഈ തുരങ്കത്തിന്‍റെ പ്ലാന്‍ വരച്ചത്. എന്നാല്‍ ഇത്രയും കാലം പുറം ലോകത്തിന് ഈ രഹസ്യതുരങ്ക പാത തികച്ചും അജ്ഞാതമായിരുന്നു. പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് മിലാനിലെ ഗവേഷകരും വിദ്യാര്‍ത്ഥികളുമാണ് ഈ രഹസ്യ തുരങ്കം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
15 -ാം നൂറ്റാണ്ടില്‍ നിർമ്മിച്ച സ്ഫോര്‍സ കോട്ടയില്‍ 2021 മുതല്‍ 2023 വരെ നീണ്ട ഡിജിറ്റലൈസ് പ്രവര്‍ത്തനങ്ങളുടെ ഇടയിലാണ് അപ്രതീക്ഷിതമായി ഭൂമിക്കടിയിലൂടെയുള്ള ഈ രഹസ്യ തുരങ്കം കണ്ടെത്തിയത്. ഇതിനായി ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറും ലേസർ സ്കാനിംഗും ഉപയോഗപ്പെടുത്തി. 1400 -കളില്‍ ഈ കോട്ടയുടെ ഉടമയായിരുന്ന ഡ്യൂക്ക് ലുഡോവിക്കോ സ്‌ഫോർസയുടെ രാജ്യസഭയിലെ ഒരംഗമായി ഡാവിഞ്ചി ഈ കോട്ടയില്‍ ഏറെക്കാലം താമസിച്ചിരുന്നു. ഡ്യൂക്ക് ഈ കാലത്ത് ഡാവിഞ്ചിയോട് ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഡാവിഞ്ചിയാകട്ടെ സ്ഫോര്‍സ കോട്ടയുടെ സുരക്ഷയെ കൂടി ഉൾപ്പെടുത്തി ഒരു പ്രതിരോധ ഘടനയുടെ ചിത്രമായിരുന്നു വരച്ച് സമ്മാനിച്ചത്.
ലിയോനാർഡോയുടെ ചിത്രങ്ങളിൽ, പ്രത്യേകിച്ച് വാസ്തുവിദ്യാ ചിത്രങ്ങൾ, ‘മാനസിക’ വ്യായാമങ്ങളാണ്. അത് നൂതന കെട്ടിടങ്ങൾക്കായുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്നു. അതേസമയം അവ യഥാര്‍ത്ഥ കെട്ടിട നിർമ്മാണത്തിന്‍റെ ബ്ലു പ്രിന്‍റുകളല്ല. എന്നാല്‍ അവ അത്തരത്തിലുള്ള പുതിയ ആശയങ്ങൾക്കുള്ള സാധ്യത തുറന്ന് തരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ ഫ്രാന്‍സിസ്കാ ഫിയോറാനി പറഞ്ഞു. കോട്ടയ്ക്ക് അടിയില്‍ പ്രധാനമായും രണ്ട് തുരങ്കങ്ങളാണ് കണ്ടെത്തിയത്.
ആദ്യത്തെ തുരങ്കത്തിന് മൂന്ന് അടി താഴ്ചയിലാണ് രണ്ടാമത്തെ തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടാമത്തെ തുരങ്കം സൈന്യത്തിന് സുരക്ഷിതമായി ശത്രുക്കളെ ആക്രമിക്കാനുള്ള സൌകര്യം ഒരുക്കിക്കൊടുക്കുന്നു. എന്നാല്‍, കോട്ടയിക്ക് അടിയില്‍ ഇനിയും രഹസ്യതുരങ്കങ്ങൾ കാണാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് ഏറെ സങ്കീര്‍ണ്ണമായ ജോലിയാണെന്നും ഗവേഷകർ അറിയിച്ചു. 19 -ാം നൂറ്റാണ്ട് വരെയുള്ള കാലത്തിനിടെയ്ക്ക് കോട്ടയില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടന്നതിനാല്‍ അത്തരം അന്വേഷണങ്ങൾ പലപ്പോഴും സങ്കീര്‍ണമാകുന്നെന്നും ഗവേഷകര്‍ കൂട്ടിചേര്‍ത്തു.
STORY HIGHLIGHTS : 600-years-old-mystery-solved-leonardo-da-vincis-secret-trunnel-discovered-in-italy