Environment

68 ദശലക്ഷം വർഷം പഴക്കം, ലോകത്തിലെ ഏറ്റവും പഴയ ആധുനിക പക്ഷി!

ദിനോസറുകളുടെ വംശനാശത്തിന് തൊട്ടുമുൻപുള്ള കാലമായിരുന്നു ഇത്

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആധുനികപക്ഷിയുടെ ഫോസിൽ അൻറാർട്ടിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്നത്തെ ജലപക്ഷികളുമായി വളരെയധികം സാമ്യമുള്ള ഇവയ്ക്ക് ഒരു മല്ലാർഡ് ഡക്കിൻ്റെ വലിപ്പം ഉണ്ടായിരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കണ്ടെത്തിയ ഫോസിലിന് 68 ദശലക്ഷം വർഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകർ പറയുന്നു.ക്രിറ്റേഷ്യസ് കാലഘട്ടത്തിൻ്റെ അവസാനത്തിൽ ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ഒരു പക്ഷി ഇനമായ വെഗാവിസിൻ്റെതാണ് കണ്ടെത്തിയ ഫോസിൽ. ദിനോസറുകളുടെ വംശനാശത്തിന് തൊട്ടുമുൻപുള്ള കാലമായിരുന്നു ഇത്.

ആധുനിക പക്ഷികളിൽ നിന്ന് വ്യത്യസ്‌തമായി, അക്കാലത്തെ പല പക്ഷി ഇനങ്ങൾക്കും പല്ലുള്ള കൊക്കുകളും നീളമേറിയ അസ്ഥിവാലുകളും ഉൾപ്പടെ വ്യത്യസ്തമായ സവിശേഷതകളുണ്ടായിരുന്നു. പസഫിക് സർവ്വകലാശാലയിലെ ബയോളജി അസിസ്റ്റൻ്റ് പ്രൊഫസർ ക്രിസ്റ്റഫർ ടോറസ്, വെഗാവിസിനെ താറാവിൻ്റെ വലിപ്പമുള്ള പക്ഷിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇവയുടെ കൊക്കിൽ പല്ലുകളും ഇല്ല. അതുപോലെതന്നെ ഇവയ്ക്ക് ലൂണുകളും ആയി സമാനതകൾ ഉണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു.

ജലപക്ഷികളാണ് ലൂണുകൾ. ലൂണുകളെ പോലെ തന്നെ വെഗാവിസും പക്ഷികൾക്കിടയിലെ മുങ്ങൽ വിദഗ്ധർ ആയിരുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. അവ നീന്തുമ്പോൾ വെള്ളത്തിനടിയിലൂടെ അനായാസം മുന്നോട്ടു നീങ്ങുവാൻ സഹായിച്ചിരുന്നത് കാലുകൾ ആയിരുന്നുവെന്നും കൂടാതെ വെള്ളത്തിനടിയിൽ വച്ച് മത്സ്യത്തെ പിടികൂടാൻ സഹായിക്കത്തക്ക വിധത്തിലുള്ള പേശികൾ ആയിരുന്നു ഇവയുടെ താടിയെല്ലിൽ ഉണ്ടായിരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.20 വർഷം മുമ്പാണ് വെഗാവിസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. അൻ്റാർട്ടിക് പെനിൻസുല പാലിയൻ്റോളജി പ്രോജക്റ്റ് 2011 -ൽ നടത്തിയ പര്യവേഷണത്തിനിടെയാണ് ഈ ഫോസിൽ കണ്ടെത്തിയത്.

STORY HIGHLIGHTS : oldest-known-modern-bird-fossil-unearthed-in-antarctica