കൊല്ലം: കടൽ മണൽ ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സർക്കാർ ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. കേരളതീരത്തെ നിർദിഷ്ട ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ നടപടികളും ഉപേക്ഷിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.
2002 ലെ ഓഫ് ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിൽ 2023 ൽ വരുത്തിയ ഭേദഗതികളോടെ ഈ മേഖലയിലെ പര്യവേക്ഷണത്തിനും ആഴക്കടൽ ധാതു ഖനനത്തിനും സ്വകാര്യ പങ്കാളിത്തം അനുവദിച്ചതു സർക്കാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുമെന്നാണു വിവരം. സംസ്ഥാന സർക്കാരിന്റെ എതിർപ്പു മറികടന്ന്, കടലിലെ അമൂല്യമായ മത്സ്യസമ്പത്തിനും ജൈവ വൈവിധ്യത്തിനും കനത്ത ആഘാതം ഏൽപിക്കുന്ന നടപടിയുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന ആശങ്കയും പ്രമേയത്തിൽ ചൂണ്ടിക്കാട്ടും. മത്സ്യസമ്പത്തിനു മാത്രമല്ല, പവിഴപ്പുറ്റുകൾ, കടൽച്ചേന, ഞണ്ടുകൾ എന്നിവയുടെ നാശത്തിനും ഖനനം വഴിവയ്ക്കും. സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്.
രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയത്തിലുണ്ടാകും. കേരളത്തിന്റെ പരമ്പരാഗത മത്സ്യമേഖലയായ കൊല്ലം പ്രദേശത്തു ധാതുഖനന ലേലം നടത്താനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നടപടി ഉപേക്ഷിക്കണമെന്നാകും പ്രമേയത്തിലെ ആവശ്യം.