വെഞ്ഞാറമൂട്: കുടുംബാംഗങ്ങളും സുഹൃത്തുമടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ പിതാവ് അബ്ദുൽ റഹിമിൽനിന്ന് കൂടുതൽ വിവരം തേടാൻ അന്വേഷണസംഘം. കുടുംബത്തിന്റെ സാമ്പത്തികബാധ്യത സംബന്ധിച്ചു വ്യക്തത വരുത്താനാണു ചോദ്യം ചെയ്യൽ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ സെല്ലിൽ കഴിയുന്ന പ്രതി പേരുമല സൽമാസിൽ അഫാനെ കസ്റ്റഡിയിലെടുത്തു വിശദമായ ചോദ്യം ചെയ്തശേഷമാകും റഹിമിനെ വിളിച്ചുവരുത്തുക. മൊഴികളിലെ വൈരുധ്യം കണക്കിലെടുത്ത് ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും സാധ്യതയുണ്ട്. അഫാനെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ഇന്നു മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷം തീരുമാനമെടുക്കും.
അഫാന്റെ കുടുംബത്തിന് കടബാധ്യതയില്ലെന്നാണു പിതാവ് അബ്ദുൽ റഹിം നൽകിയ മൊഴി. തനിക്കു പണം അയച്ചു തരാറില്ലായിരുന്നെന്നും പൊലീസിനോടു പറഞ്ഞിരുന്നു. 5 ലക്ഷം രൂപ അയച്ചുകൊടുത്തതായി ബാങ്ക് രേഖകളിലുണ്ടെങ്കിലും ബാക്കി 70 ലക്ഷത്തോളം രൂപ എന്തിനു ചെലവിട്ടുവെന്നാണു പൊലീസിനു വ്യക്തത വരുത്തേണ്ടത്. പിതാവിന്റെ കടംവീട്ടാൻ തുക ഉപയോഗിച്ചെന്നാണ് അഫാന്റെ മൊഴി. കടംപെരുകിയതിനെക്കുറിച്ച് റഹിമിന് അറിയില്ലായിരുന്നെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്.
സഹോദരൻ അഹ്സാൻ, സുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ വെഞ്ഞാറമൂട് എസ്എച്ച്ഒ ആർ.പി.അനൂപ്കൃഷ്ണ ആശുപത്രിയിലെത്തി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലത്തീഫ്, ഭാര്യ സജിത ബീഗം എന്നിവരുടെ കൊലപാതകങ്ങളിലാണ് ഇനി അറസ്റ്റ് ബാക്കിയുള്ളത്. സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ആദ്യ അറസ്റ്റ്. മെഡിക്കൽ ബോർഡിന്റെ തീരുമാനം വന്നാലുടൻ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വെഞ്ഞാറമൂട് പൊലീസ് അപേക്ഷ നൽകും. കൊലപാതകം നടന്ന മൂന്നിടത്തും തെളിവെടുപ്പു നടത്തേണ്ടതുണ്ട്. പ്രതി രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഫലം ലഭിച്ചിട്ടില്ല.
അതേസമയം, അഫാൻ, മാതാവ് ഷെമി എന്നിവർ കൊലപാതകങ്ങൾ നടന്നതിന്റെ തലേന്ന് 50,000 രൂപ വായ്പ ലഭിക്കുന്നതിനു വേണ്ടി വിവിധ സ്ഥലങ്ങളിലുള്ളവരെ സന്ദർശിച്ചതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ ഭാഗമായാണ് ഇരുവരും ഒരു ബന്ധുവീട്ടിൽ എത്തിയത്. രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി അഫാൻ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധുവിൽ നിന്ന് സ്വർണമോ പണമോ ലഭിച്ചില്ല. ഈ 50,000 രൂപ ആർക്ക് നൽകാൻ വേണ്ടിയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഫാൻ പാങ്ങോട് എത്തി കൃത്യം നടത്തിയതിനു ശേഷം സ്വർണമാലയുമായി വെഞ്ഞാറമൂട്ടിൽ എത്തി പണയം വച്ച് പണം വാങ്ങി. ഇതിൽനിന്നു 40, 000 രൂപ ആർക്കോ അയച്ചു കൊടുത്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.