Kerala

ഷഹബാസിന്റെ കൊലപാതകക്കേസ്: കൂടുതൽ വിദ്യാർഥികൾക്കെതിരെ പൊലീസ് അന്വേഷണം; ഷഹബാസിനെ മർദിച്ചത് ഉറ്റസുഹൃത്ത്

താമരശ്ശേരി: വിദ്യാർഥിസംഘട്ടനത്തെത്തുടർന്ന് എളേറ്റിൽ എംജെ സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) മരിച്ച സംഭവത്തിൽ പ്രതികളായ 5 പേർക്കു പുറമേ കൂടുതൽ വിദ്യാർഥികൾക്കെതിരെ പൊലീസ് അന്വേഷണം. ഗൂഢാലോചനയിലും മർദനത്തിലും പങ്കുണ്ടെങ്കിൽ ഇവരെയും പ്രതി ചേർക്കും. സംഘട്ടനമുണ്ടായതിനു സമീപത്തെ കൂടുതൽ സിസിടിവികളിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തിത്തുടങ്ങി.

സംഭവത്തിൽ മുതിർന്നവരുടെ ഗൂഢാലോചനയും പ്രേരണയും അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ പിതാവിന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്ന സാഹചര്യത്തിൽ ഇയാളുടെ പങ്കാണു പ്രധാനമായും അന്വേഷിക്കുന്നത്. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തിരുന്നു. മകൻ സംഘർഷത്തിനു പോകുന്നത് അറിഞ്ഞിട്ടും തടയാതിരുന്നോ, ആയുധം കൈമാറിയിരുന്നോ എന്നതും സംഘർഷസ്ഥലത്തെ ഇയാളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. ഗൂഢാലോചന കണ്ടെത്താൻ പൊലീസ് കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചത് കഴിഞ്ഞദിവസം കണ്ടെടുത്ത നഞ്ചക്ക് തന്നെയാണെന്നു മെഡിക്കൽ കോളജിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.