ന്യൂഡൽഹി: സമൂഹമാധ്യമ ഉള്ളടക്കം നീക്കം ചെയ്യുംമുൻപ് അക്കൗണ്ട് ഉടമയെ അറിയിച്ചിരിക്കണമെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. ഐടി ചട്ടത്തിലെ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയിലാണു നിരീക്ഷണം. സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ നൽകിയ ഹർജിയിൽ ജഡ്ജിമാരായ ബി.ആർ. ഗവായ്, എ.ജി. മസി എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാരിൽനിന്നു മറുപടി തേടി. ഉള്ളടക്കം പ്രസിദ്ധീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമിന് അറിയിപ്പു നൽകുമെങ്കിലും അക്കൗണ്ട് ഉടമയ്ക്ക് ഇതു ലഭിക്കാറില്ലെന്നും ഇതു സ്വാഭാവികനീതിക്ക് എതിരാണെന്നും ഹർജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു.