ന്യൂഡൽഹി: കവിത പ്രചരിപ്പിച്ചെന്ന പേരിൽ കോൺഗ്രസ് എംപിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. കേസെടുക്കുമ്പോൾ പൊലീസ് കവിത വായിച്ച് അർഥം മനസ്സിലാക്കണമായിരുന്നെന്നും സാമാന്യവിവരം കാട്ടേണ്ടതായിരുന്നെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഗുജറാത്തിലെ ജാംനഗറിൽ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച പ്രകോപനപരമായ കവിതയുടെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിനെതിരെ കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗഡി നൽകിയ ഹർജി വിധി പറയാൻ മാറ്റിക്കൊണ്ടാണു കോടതിയുടെ പരാമർശം.
‘കേസിനാസ്പദമായ കവിത സത്യത്തിൽ അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതിനു മതവുമായി ബന്ധമില്ല. അതു പൂർണമായും സർഗാത്മകമായിരുന്നു. ഭരണഘടന നിലവിൽവന്ന് മുക്കാൽ നൂറ്റാണ്ടാകുമ്പോഴെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ പൊലീസ് മനസ്സിലാക്കേണ്ടിയിരിക്കുന്നു’ – കോടതി നിരീക്ഷിച്ചു.കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയർമാനായ പ്രതാപ്ഗഡിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ഗാനത്തിലെ വരികൾ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും ആണെന്നാണ് എഫ്ഐആറിൽ പറഞ്ഞത്.