തൃശ്ശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനക്ക് ശേഷം മറ്റൊരു കാട്ടാനക്ക് കൂടി പരിക്കേറ്റതായി വിവരം. ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമായ ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് കാലിന് പരിക്കേറ്റത്. ആനയെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. വനം വകുപ്പ് ഡോക്ടർമാരായ ഡോക്ടർ ബിനോയ്, ഡോക്ടർ മിഥുൻ, ഡോക്ടർ ഡേവിഡ് എന്നിവരുടെ സംഘമാണ് പരിശോധിക്കുന്നത്. ഡോക്ടർ ബിനോയ് ഇന്ന് വനപാലകർക്കൊപ്പം ആനയുടെ അടുത്തെത്തി നിരീക്ഷിച്ചു.
ആനയുടെ കാലിന് ചെറിയ മുടന്തുള്ളതായി ഡോക്ടർ വനപാലകരെ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ മുള്ളിവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. മറ്റു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിശദ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് ഡി എഫ്ഒയ്ക്ക് സമർപ്പിക്കും. ഡോക്ടർമാർ പരിശോധിച്ച് ശേഷം മയക്ക് വെടി വെച്ച് പിടിച്ച് ചികിത്സിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞമാസം മയക്കു വെടിവെച്ചു പിടിച്ച മസ്തകത്തിന് പരിക്കേറ്റ കാട്ടു കൊമ്പന്റെ ഒപ്പമുണ്ടായിരുന്നത് ഇപ്പോൾ പരിക്കേറ്റതായി കണ്ടെത്തിയ ഗണപതി എന്ന ആനയാണ്.