ഇന്ത്യക്കാരില്‍ സുരക്ഷക്ക് ലഭിച്ച പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള മാറ്റത്തിന് തയ്യാറായിരിക്കുകയാണ് മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ ഓള്‍ട്ടോ കെ10. എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗ് സുരക്ഷയുമായാണ് ഇനി ഓള്‍ട്ടോ കെ10 ഇറങ്ങുകയെന്ന് മാരുതി സുസുക്കി അറിയിച്ചു കഴിഞ്ഞു. ഇതോടെ ഓള്‍ട്ടോ കെ10ന്റെ വില 4.23 ലക്ഷം മുതല്‍ 6.21 ലക്ഷം രൂപ വരെയായിട്ടുണ്ട്.
ആറ് എയര്‍ബാഗുകള്‍ എത്തിയതോടെ 6,000 മുതല്‍ 16,000 രൂപയുടെ വരെ വര്‍ധനവാണ് ഓള്‍ട്ടോ കെ10ന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന എല്‍എക്‌സ്‌ഐ വകഭേദത്തിനും എല്‍എക്‌സ്‌ഐ സിഎന്‍ജി മോഡലിനും 6000 രൂപയുടെ വര്‍ധനവുണ്ടായി. അതേസമയം വിഎക്‌സ്‌ഐ+, വിഎക്‌സ്‌ഐ+ എഎംടി വകഭേദങ്ങള്‍ക്ക് 10,000 രൂപയും വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ എഎംടി, വിഎക്‌സ്‌ഐ സിഎന്‍ജി വകഭേദങ്ങള്‍ക്ക് 16,000 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
എയര്‍ബാഗുകള്‍ കൂടി ലഭിച്ചതോടെ മാരുതി സുസുക്കിയുടെ ജനകീയ കാറായ ഓള്‍ട്ടോ കെ10ന്റെ സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിച്ചു. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എല്ലാ വകഭേദങ്ങളിലും ലഭ്യമാവും. ഇതിനൊപ്പം ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് പിന്‍സീറ്റ് യാത്രികര്‍ക്കും നല്‍കിയിട്ടുണ്ട്.
പിന്നില്‍ പാര്‍ക്കിങ് സെന്‍സറുകള്‍ പിന്നില്‍ ലഗേജ് റീടെന്‍ഷന്‍ ക്രോസ്ബാറുകള്‍ എന്നിവയും ഓള്‍ട്ടോ കെ10ല്‍ ലഭ്യമാണ്. ഇതിനൊപ്പം ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം(ഇഎസ്പി), ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍(ഇബിഡി) എന്നീ ഫീച്ചറുകള്‍ കൂടി വരുന്നതോടെ ആധുനിക സുരക്ഷാ സ്റ്റാന്‍ഡേഡുകളുള്ള വാഹനമായി ഓള്‍ട്ടോ കെ10 മാറും.
അതേസമയം യാന്ത്രികമായി ഓള്‍ട്ടോ കെ 10ല്‍ മാരുതി സുസുക്കി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തുടരും. പരമാവധി 67ബിഎച്ച്പി കരുത്തും 89എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.
ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പാണ് ബ്രെസയിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി നല്‍കുമെന്ന് മാരുതി സുസുക്കി അറിയിച്ചത്. ഇതോടെ ബ്രസയുടെ വിലയില്‍ 15,000 രൂപ വരെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇഎസ്പി, എബിഎസ് വിത്ത് ഇബിഡി, ഹില്‍ഹോള്‍ഡ് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും ബ്രെസയിലുണ്ട്. 8.69 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് ബ്രസയുടെ എക്‌സ് ഷോറൂം വില. സെലേറിയോ ഹാച്ച്ബാക്കിലും ആറ് എയര്‍ബാഗ് മാരുതി സുസുക്കി സ്റ്റാന്‍ഡേഡായി അവതരിപ്പിച്ചിരുന്നു.
content highlight: Maruti Alto new feature