Automobile

ആരാധകരെ ശാന്തരാകുവിൻ; കിടിലൻ ഫീച്ചറുകളുമായി ഫോക്സ്‍വാഗൻ ഗോൾഫ് ജിടിഐ | Volkswagan Golf GTI

2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഗോള്‍ഫ് ജിടിഐയിലുള്ളത്

ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങുന്ന പെര്‍ഫോമെന്‍സ് കാറുകളില്‍ ഒരുപാടു പേര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഫോക്‌സ്‌വാഗൻ ഗോള്‍ഫ് ജിടിഐ. ഈ വര്‍ഷം രണ്ടാം പാദത്തില്‍(ഏപ്രില്‍-ജൂണ്‍) ഗോള്‍ഫ് ജിടിയുടെ ഇന്ത്യയിലെ വില പ്രഖ്യാപിക്കുമെന്ന് ഫോക്‌സ്‌വാഗൻ അറിയിച്ചു കഴിഞ്ഞു. മോഡലിനുള്ള ഡിമാന്‍ഡ് പരിഗണിച്ച് 52 ലക്ഷം രൂപയോളം വിലവരുമെന്ന് പ്രതീക്ഷിക്കുന്ന ഗോള്‍ഫ് ജിടിഐയുടെ ബുക്കിങ് പല ഡീലര്‍മാരും അനൗദ്യോഗികമായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്(ഇഎ888) ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐയിലുള്ളത്. 265എച്ച്പി കരുത്തും പരമാവധി 370എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. മണിക്കൂറില്‍ 0-100 കിലോമീറ്ററിലേക്കു കുതിക്കാന്‍ വേണ്ടത് 5.9 സെക്കന്‍ഡു മാത്രം. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രോഗ്രസീവ് സ്റ്റീറിങ്, ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഫ്രണ്ട് ആക്‌സില്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ എന്നിവയാണ് മറ്റു പ്രധാന മെക്കാനിക്കല്‍ സവിശേഷതകള്‍.

സ്‌പോര്‍ട്ടി ലുക്കിലുള്ള കാറാവും ഗോള്‍ഫ് ജിടിഐ. 18 ഇഞ്ച് അലോയ് വീലുകളും ജിടിഐ ബാഡ്ജുകളും കോണ്‍ട്രാസ്റ്റിങ് റെഡ് ആസെന്റ്‌സുമെല്ലാം ഈ ലുക്ക് വര്‍ധിപ്പിക്കും. മുന്നിലേയും പിന്നിലേയും ബംപറുകള്‍ കൂടുതല്‍ അഗ്രസീവാക്കിയിട്ടുണ്ട്. ഒപ്പം ഡ്യുവല്‍ ടോണ്‍ റൂഫ് സ്‌പോയ്‌ലറും ഗോള്‍ഫ് ജിടിഐയിലേക്കുള്ള പുറത്തെ ആകര്‍ഷണങ്ങളാവും.

ഉള്ളിലേക്കു വന്നാല്‍ 12.9ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാവും ഗോള്‍ഫ് ജിടിഐയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ചാറ്റ്ജിപിടിയുമായി ചേര്‍ന്നുള്ള വോയ്‌സ് അസിസ്റ്റ് ഫീച്ചറും ലഭ്യമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ജിടിഐക്കു വേണ്ടി സവിശേഷമായുള്ള ഗ്രാഫിക്‌സും ഫോക്‌സ്‌വാഗണ്‍ ഒരുക്കിയിരിക്കുന്നു. 30 കളര്‍ ആംബിയന്റ് ലൈറ്റിങ്, ഹീറ്റഡ് മുന്‍ സീറ്റുകള്‍, സറൗണ്ട് ലൈറ്റിങ് വിത്ത് വെല്‍ക്കം ലൈറ്റ്, വയര്‍ലെസ് ചാര്‍ജിങും കണക്ടിവിറ്റി ഫീച്ചറുകള്‍ക്കായി ഇ സിമ്മും എന്നിങ്ങനെ പോവുന്നു ഫീച്ചറുകള്‍.

ഇന്ത്യന്‍ വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐയുടെ പ്രധാന എതിരാളി മിനി കൂപ്പര്‍ എസ് ആണ്. 204എച്ച്പി, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കരുത്തിലെത്തുന്ന മിനി കൂപ്പര്‍ എസിന്റെ വില 44.90 ലക്ഷം രൂപ(എക്‌സ്-ഷോറൂം).

content highlight: Volkswagan Golf GTI