ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും ആരോഗ്യ മന്ത്രി വീണ ജോർജിനെതിരേയും ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സിക്കിമിൽ ആശമാർക്ക് 1000 രൂപയാണ് വേതനമെന്നും പശ്ചിമ ബംഗാളിൽ ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യുന്നവർക്ക് കേരളത്തിൽ നൽകുന്നത് വെറും 7000 രൂപയാണ്. എന്തു പറഞ്ഞാലും കേരളത്തേക്കാൾ പിന്നാക്കമുള്ള സംസ്ഥാനത്തെവെച്ച് താരതമ്യം ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി.
മിനിമം കൂലി കൂട്ടേണ്ടത് കേന്ദ്രമാണെങ്കിൽ 2014ൽ സിഐടിയു സെക്രട്ടറി എളമരം കരീം ശമ്പളം 10000 രൂപ ആക്കണമെന്ന് നിയമസഭയിൽ പറഞ്ഞത് എന്തിനാണെന്നും രാഹുൽ. ആശാ വർക്കർമാർക്ക് കൊടുക്കാൻ പൈസയില്ലാത്ത സർക്കാർ പി എസ് സി അംഗങ്ങൾക്ക് ശമ്പളം കൂട്ടി. 98 കോടി രൂപ കേന്ദ്രത്തിൽ നിന്ന് വാങ്ങി എടുക്കാൻ കഴിയാത്ത കെ വി തോമസിന്റെ യാത്ര ബത്ത വരെ ഉയർത്തിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
കൊവിഡ് കാലത്ത് ജീവൻ പണയം വെച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയവർ 23 ദിവസമായി വെറും തറയിൽ സമരമിരിക്കുന്നു. മിനിമം വേതനം 7000 രൂപയാക്കുമെന്ന് പറഞ്ഞത് എൽഡിഎഫ് ആണ്. വാഗ്ദാനം പാലിക്കാതെ, സമരം ചെയ്യുന്നവരെ പുലഭ്യം പറഞ്ഞില്ലേ? സമരക്കാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപ്പോളിൻ പോലും പൊലീസ് എടുത്തുകൊണ്ടു പോയില്ലേ മിസ്റ്റർ ചീഫ് മിനിസ്റ്റർ- രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
പ്രമേയ അവതാരകന് വിഷയത്തേക്കുറിച്ച് ധാരണയില്ലെന്നും ആശമാരെക്കുറിച്ചും അവരുടെ പ്രവർത്തനത്തെക്കുറിച്ചും അറിയാത്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എസ് യു സി ഐയുടെ നാവായി മാറിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് തിരിച്ചടിച്ചു. ആശമാരുടെ വേതനം 1000 രൂപയിൽ നിന്ന് 7000 രൂപയാക്കി മാറ്റിയത് എൽഡിഎഫ് സർക്കാർ ആണ്. സിക്കിമിൽ ഓണറേറിയം 10000 രൂപ ഇല്ല, 6000 രൂപയെ ഉള്ളൂ. ഏറ്റവും ഉയർന്ന വേതനം കേരളത്തിൽ തന്നെ. രാഹുൽ മാങ്കൂട്ടത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും വീണ ജോർജ് പറഞ്ഞു. സംസ്ഥാന സർക്കാർ നൽകുന്ന 7000 രൂപ ഓണറേറിയത്തിന് പുറമെ, കേന്ദ്രം നൽകുന്ന 3000 രൂപ ഇൻസെൻ്റീവും സേവനങ്ങൾക്കുള്ള ഇൻസെന്റീവും ചേർത്ത് 13,000 രൂപയാണ് ആശമാർക്ക് ലഭിക്കുന്നത്. ഇതിൽ 9400 രൂപയും സംസ്ഥാന സർക്കാർ ആണ് നൽകുന്നതെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.