Sports

ഇതൊക്കെ പാകിസ്ഥാനിൽ ചെലവാകും; രോഹിത്തിനെതിരായ പരാമർശത്തിൽ ഷമയ്ക്കെതിരെ യുവരാജിന്റെ പിതാവ് | Shama Muhammed

താനാണ് പ്രധാനമന്ത്രിയാണെങ്കിൽ ഈ പ്രസ്താവന നടത്തിയവരോട് പെട്ടിയുമെടുത്ത് രാജ്യം വിടാൻ പറയുമായിരുന്നുവെന്നു യോ​ഗ്‍രാജ് തുറന്നടിച്ചു

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ അധിക്ഷേപിച്ചു സംസാരിച്ച കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ എക്സ് പോസ്റ്റ് വലിയ വിവാ​ദവും ചർച്ചയുമായിരുന്നു. പിന്നാലെ ഷമ പോസ്റ്റ് ഡിലീറ്റ് ചെയ്തു ക്ഷമ പറഞ്ഞിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോ​ഗ്‍രാജ് സിങ്. താനാണ് പ്രധാനമന്ത്രിയാണെങ്കിൽ ഈ പ്രസ്താവന നടത്തിയവരോട് പെട്ടിയുമെടുത്ത് രാജ്യം വിടാൻ പറയുമായിരുന്നുവെന്നു യോ​ഗ്‍രാജ് തുറന്നടിച്ചു.

‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ആളുകളും ഈ നാടുമൊക്കെ എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തേക്കാൾ പ്രിയപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളെക്കുറിച്ചു നമ്മുടെ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാ​ഗമായ ആരെങ്കിലും ഇത്തരം പരാമർശം നടത്തിയാൽ അവർ ലജ്ജിച്ചു തല താഴ്ത്തണം. അവർക്ക് ഈ രാജ്യത്തു തുടരാൻ ഒരു അർഹതയുമില്ല. ക്രിക്കറ്റ് നമുക്ക് മതം തന്നെയാണ്.’

‘ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകൾക്കെതിരായ പരമ്പര നഷ്ടമായപ്പോൾ രോഹിതിനേയും കോഹ്‍ലിയേയും കുറിച്ച് ഒട്ടേറെ ചർച്ചകൾ നടന്നു. ഇത്തരം ചർച്ചകളൊക്കെ പാകിസ്ഥാനിലാണ് പൊതുവേ നടക്കാറുള്ളത്. ഇത്രയൊക്കെ പഴം ആരാണ് കഴിക്കുക എന്നാണ് ഒരു പാകിസ്ഥാൻ മുൻ താരം ടീമിലെ താരങ്ങളുടെ ഭക്ഷണം സംബന്ധിച്ചു ചോദിച്ചത്.’ ‘രോഹിതിനെതിരായ പ്രസ്താവനയിൽ നടപടി വേണം. ഇതൊന്നും പ്രോത്സാഹിപ്പിക്കരുത്. ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ പെട്ടിയുമെടുത്ത് അവരോട് രാജ്യം വിടാൻ പറയുമായിരുന്നു’- യോ​ഗ്‍രാജ് സിങ് വ്യക്തമാക്കി.

രോഹിത് ശർമയെ രൂക്ഷമായി വിമർശിച്ചാണ് ഷമ എക്സിൽ പോസ്റ്റിട്ടത്. വിവാദമായതോടെ ക്ഷമ ചോദിച്ച് ഷമ രം​ഗത്തെത്തിയിരുന്നു. ഹൈക്കമാൻഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിൻവലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലൻഡ് ചാംപ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയായിരുന്നു രോഹിതിനെതിരായ ഷമയുടെ വിമർശനം.

content highlight: Shama Muhammed