വയനാട് തുരങ്ക പാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം. 30 കിലോമീറ്ററാണ് തുരങ്ക പാത വരുക. തുരങ്ക പാത നിർമാണത്തിന്റെ പ്രാഥമിക നടപടികളുമായി സർക്കാർ ഉടൻ മുന്നോട്ടുപോകും.
പരിസ്ഥിതി ആഘാത സമിതിയുടെ ശിപാർശ ഈ മാസം ഒന്നാം തീയതിയാണ് സർക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോഗം വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒന്നാം തീയതി പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയത്. പാരിസ്ഥിതിക ആഘാതം നേരിടുന്ന മേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്. അതിനാൽ കർശന ഉപാധിയോടെ അനുമതി നൽകിയിരിക്കുന്നത്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തിയാകും മുന്നോട്ടുപോകുക. കൂടാതെ ടണല്‍ റോഡിന്റെ ഇരുവശത്തും അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കുന്ന കാലാവസ്ഥ സ്റ്റേഷനുകള്‍ സ്ഥാപിക്കും. തുടങ്ങിയ നിർദേശങ്ങൾ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നല്‍കിയിരുന്നു.
തുരങ്കപാതയ്ക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട് കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്റെ സ്റ്റേജ്-1 ക്ലിയറന്‍സ് നേരത്തെ ലഭിച്ചിരുന്നു.