കണ്ണൂരിൽ നിർത്തിയിട്ട ട്രാവലർ കത്തിനശിച്ചു. വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശ്രീകണ്ഠപുരത്ത് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
ശ്രീകണ്ഠപുരം കോട്ടൂർ പാലത്തിനടുത്തുള്ള പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ട്രാവലറിനാണ് തീ പിടിച്ചത്. ട്രിപ്പ് കഴിഞ്ഞു വന്ന ശേഷം വണ്ടിയിൽ കിടന്നുറങ്ങുകയായിരുന്നു ഡ്രൈവർ. തീ പടരുന്നത് കണ്ട് സമീപത്തുള്ളവർ ഓടിയെത്തി ഡ്രൈവറെ വിളിച്ചുണർത്തുകയായിരുന്നു.
ട്രാവലർ പൂർണമായും കത്തി നശിച്ചു. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. തളിപ്പറമ്പിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.