Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ചുറ്റിക ആയുധമാക്കിയതിന് കാരണം കണ്ടെത്തി പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി കൊലയ്ക്ക് ചുറ്റിക ഉപയോഗിച്ച എന്തുകൊണ്ടെന്ന നിർണായക വിവരം കണ്ടെത്തിയതായി പൊലീസ്. അഫാന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് അഫാൻ മൊബൈൽ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞിരുന്നു. ഇവ എങ്ങനെ ഉപയോഗിക്കുമെന്ന വിഡിയോയും യൂട്യൂബിൽ കണ്ടു. അഫാൻ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു.

ചുറ്റികയിലേക്ക് അഫാൻ എത്തിയതിന്റെ കാരണം പൊലീസിന് വ്യക്തമായെങ്കിലും അന്വേഷണം നടക്കുന്നതിനാൽ പുറത്തുവിട്ടിട്ടില്ല.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ കഴിയുകയാണ് പ്രതി. അഫാനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.