Business

ഒലയിൽ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടപ്പെടുക ആയിരത്തിലധികം ജീവനക്കാർക്ക് | OLA Electric scooter

വര്‍ദ്ധിച്ചുവരുന്ന നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചുവരുന്ന നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കം ഒന്നിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ലിസ്റ്റ് ചെയ്ത ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനി നിരവധി മേഖലകളില്‍ പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ അഞ്ച് മാസത്തിനുള്ളില്‍ രണ്ടാം ഘട്ട പിരിച്ചുവിടലിനാണ് ഒരുങ്ങുന്നത്.

ഡിസംബര്‍ പാദത്തില്‍ നഷ്ടത്തില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 മാര്‍ച്ച് അവസാനത്തില്‍ ഒലയില്‍ 4000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ചെലവ് കുറയ്ക്കാനും മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പുവരുത്താനും ഒലയുടെ ഫ്രണ്ട്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുകയും ഓട്ടോമേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം മികച്ച ഉല്‍പ്പാദനക്ഷമതയ്ക്കായി അനാവശ്യമായ റോളുകള്‍ ഒഴിവാക്കാനാണ് ആലോചനയെന്നും ഒല വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

content highlight: OLA Electric scooter