ഒരിക്കൽപോലും തലവേദന അലട്ടാത്തവർ ഉണ്ടായിരിക്കുകയില്ല.. നിത്യജീവിതത്തിൽ നാം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് തലവേദന. ഇതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. മാത്രമല്ല തലവേദനയുടെ തീവ്രതയിലും സമയപരിധിയിലും വേദന അനുഭവപ്പെടുന്ന സ്ഥലത്തും വ്യത്യാസങ്ങൾ കാണാം.
ടെൻഷൻ മൂലമുണ്ടാകുന്ന തലവേദന, മൈഗ്രേയ്ൻ, ക്ലസ്റ്റര്‍ തലവേദന, സൈനസ് തലവേദന എന്നിങ്ങനെയുള്ള തലവേദനകളാണ് അധികവും കാണാറ്. ഇവയുടെയെല്ലാം ലക്ഷണങ്ങളും വ്യത്യാസമായി വരാറുണ്ട്.
അതേസമയം തലവേദന ഇടവിട്ട് വരുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം പരിശോധനയിലൂടെ കണ്ടെത്തുന്നതാണ് ഉചിതം. കാരണം നിസാരമായ ഘടകങ്ങളും അതുപോലെ തന്നെ ഗൗരവമുള്ള കാര്യങ്ങളും തലവേദനയ്ക്ക് പിന്നിലുണ്ടാകാം. എന്തായാലും ഇത്തരത്തില്‍ തലവേദനയ്ക്ക് പിന്നില്‍ വരാവുന്ന ചില പ്രധാന കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം, ആംഗ്സൈറ്റി (ഉത്കണ്ഠ) എന്നിവ മൂലമുണ്ടാകുന്ന തലവേദന (ടെൻഷൻ തലവേദന)യാണ് ഇതിലൊന്ന്. ഇത് നമ്മുടെ ഉറക്കത്തെയും ഭക്ഷണത്തെയും എല്ലാം ബാധിക്കാം.
രണ്ട്…
ഉറക്കമില്ലായ്മയും തലവേദനയിലേക്ക് നയിക്കാം. അതുപോലെ തന്നെ തിരിച്ച്, തലവേദന ഉറക്കമില്ലായ്മയിലേക്കും നയിക്കാം. അതായത് ഉറക്കവും തലവേദനയും പരസ്പരം അത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു.
മൂന്ന്…
ശരീരത്തില്‍ ജലാംശം വറ്റിപ്പോകുന്ന നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) എന്ന അവസ്ഥയും തലവേദനയുണ്ടാക്കാം. ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ തന്നെ ഇത്തരത്തിലുള്ള തലവേദന ഒഴിവാക്കാവുന്നതാണ്.
നാല്…
ഇന്ന് മിക്കവരും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഫോണ്‍ ഉപയോഗം കഴിഞ്ഞാല്‍ പിന്നെ ലാപ്ടോപ്, കംപ്യൂട്ടര്‍ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നതും മിക്കവരുടെയും ശീലമാണ്. ഇങ്ങനെ കൂടുതല്‍ സമയം കണ്ണിന് സമ്മര്‍ദ്ദം കൊടുക്കുന്നതും തലവേദനയിലേക്ക് നയിക്കാം. സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയാണ് ഈ തലവേദനയൊഴിവാക്കാൻ ചെയ്യേണ്ടത്.
അഞ്ച്…
സൈനസ് സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നും തലവേദനയുണ്ടാകാം. അല്‍പം പഴകിയ സൈനസ് പ്രശ്നങ്ങളുടെ ഭാഗമായി ഇടവിട്ട് തലവേദന അനുഭവപ്പെടാം.
ആറ്…
ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നും തലവേദനയുണ്ടാകാം. പ്രത്യേകിച്ച് സ്ത്രീകളില്‍ ആര്‍ത്തവത്തോട് അനുബന്ധമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇത്തരത്തില്‍ തലവേദന സൃഷ്ടിക്കാറുണ്ട്.
ഏഴ്…
ദിവസവും ഇന്ന സമയത്ത് കാപ്പി കിട്ടിയില്ലെങ്കില്‍ തലവേദനയാണെന്ന് പരാതിപ്പെടുന്നവരെ കണ്ടിട്ടില്ലേ? കാപ്പിയിലുള്ള കഫീനോട് വരുന്ന ചെറിയ രീതിയിലുള്ള ‘അഡിക്ഷൻ’ ആണ് ഇതിന് കാരണം. പതിവുള്ള ഡോസ് കഫീൻ കിട്ടാതിരിക്കുമ്പോള്‍ തലവേദനയുണ്ടാവുകയാണ്.
എട്ട്…
ചില ഭക്ഷണസാധനങ്ങളും അതുപോലെ വിഭവങ്ങളില്‍ ചേര്‍ക്കുന്ന ചില ചേരുവകളുമെല്ലാം ഒരു വിഭാഗക്കാരില്‍ തലവേദനയുണ്ടാക്കാറുണ്ട്.
ഒമ്പത്…
മരുന്നുകളുടെ അമിതോപയോഗവും തലവേദനയ്ക്ക് ഇടയാക്കാം. പ്രത്യേകിച്ച് വേദനസംഹാരിയായ മരുന്നുകള്‍.
പത്ത്…
ബിപി മുതല്‍ ബ്രെയിൻ ട്യൂമര്‍ വരെയുള്ള ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായി ഇടവിട്ട് തലവേദന അനുഭവപ്പെടാം. അതുപോലെ ആദ്യമേ സൂചിപ്പിച്ചതിന് അനുസരിച്ച് മൈഗ്രേയ്നുമാകാം തലവേദനയുടെ കാരണം. എന്തായാലും ഇടവിട്ട് തലവേദന അനുഭവപ്പെടുന്നുവെങ്കില്‍ മെഡിക്കല്‍ പരിശോധന തന്നെയാണ് ഉചിതം. ഇത് ഒട്ടും വൈകിക്കുകയും അരുത്.
content highlight: common-reasons-behind-frequent-headaches