Kerala

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് എല്ലാമാസവും ഒന്നാം തീയതി ശമ്പളം നൽകും; വാക്കുപാലിച്ച് മന്ത്രി – ksrtc employees salary

സംസ്ഥാന സര്‍ക്കാര്‍ ഒരുമാസം 50 കോടിയോളം രൂപ ശമ്പളത്തിനായി കെ.എസ്.ആര്‍.സി.ക്ക് സഹായം നല്‍കുന്നുണ്ട്

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഇനിമുതല്‍ എല്ലാമാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഈ മാസത്തെ ശമ്പളം ചൊവ്വാഴ്ച അഞ്ചുമണിക്ക് ശേഷം ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തും. ഇനിമുതല്‍ എല്ലാമാസവും ഒന്നാംതീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

‘ഞാൻ പറഞ്ഞ വാക്കുപാലിച്ചു’ എന്ന കുറിപ്പോടെയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ച വീഡിയോ ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരുമാസം 50 കോടിയോളം രൂപ ശമ്പളത്തിനായി കെ.എസ്.ആര്‍.സി.ക്ക് സഹായം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ ഈ സാമ്പത്തിക സഹായം നിലനിര്‍ത്തിക്കൊണ്ടാണ് ഇനിമുതല്‍ എല്ലാമാസവും ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്. 79.67 കോടി രൂപയാണ് ഇന്ന് ശമ്പളയിനത്തില്‍ നല്‍കുന്നത്. എസ്.ബി.ഐ.യുമായി ചേര്‍ന്ന് നൂറുകോടിയുടെ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ് ഇത് നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 625 കോടിയുടെ സാമ്പത്തിക സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് കിട്ടി. അദ്ദേഹത്തിന്റെ പിന്തുണകൊണ്ടാണ് ഇത്തരമൊരു പദ്ധതി വിജയിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അടുത്തമാസങ്ങളിലെ പെന്‍ഷന്‍ ആനുകൂല്യവിതരണവും വേഗത്തിലാക്കും. കെഎസ്ആര്‍ടിസിക്ക് 10,000 കോടി രൂപയോളം എല്‍ഡിഎഫ് സര്‍ക്കാര്‍ പലതവണകളായി സഹായം നല്‍കി. ഇപ്പോള്‍ 50 കോടി മാസംതോറും നല്‍കുന്നു. കെ.എസ്.ആര്‍.ടി.സി ലാഭത്തിലേക്ക് കടന്നുവെന്ന് പറയാനാകില്ല. പക്ഷേ, വലിയ വ്യത്യാസമുണ്ടാക്കാനായി. അതില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്. 95 ശതമാനം ജീവനക്കാരും പുതിയ പരിഷ്‌കാരങ്ങളോട് സഹകരിക്കുന്നു. 2021-ല്‍ ആറാം മാസത്തെ ശമ്പളം ജൂലായ് രണ്ടാം തീയതി കൊടുത്തശേഷം കെ.എസ്.ആര്‍.ടി.സി.ക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കാനോ ഒരുമിച്ച് ശമ്പളം കൊടുക്കാനോ കഴിയാതിരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഒരുമാസം 50 കോടിയോളം രൂപ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കരുത്തുറ്റ നേതൃത്വവും അവരുടെ പരിശ്രമവുമാണ് ഇത് വിജയിപ്പിച്ചത് മന്ത്രി പറഞ്ഞു.

STORY HIGHLIGHT: ksrtc employees salary