ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് ഒട്ടുമിക്ക ആളുകൾക്കും അറിയാമായിരിക്കും. എന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമേതാണെന്ന് അറിയാമോ.. ആ നഗരത്തിലെ ഭൂരിഭാഗം ആളുകളും സമ്പന്നരാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? ഹെൻലി ആൻഡ് പാർട്ണേഴ്‌സിൻ്റെ 2024-ലെ കണക്കുകൾ പ്രകാരം ന്യൂയോർക്കാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം.ആകെ ജനസംഖ്യ ഏകദേശം 82 ലക്ഷമുള്ള ന്യൂയോർക്കിൽ 349,500 പേർ കോടീശ്വരന്മാരാണ്. റിയൽ എസ്റ്റേറ്റ് വിപണിയെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ നഗരവും ന്യൂയോർക്കായിരിക്കും.
ഫിഫ്ത്ത് അവന്യൂ ഷോപ്പിങ് സ്ട്രീറ്റ് ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഷോപ്പിങ് സ്ട്രീറ്റുകളിൽ രണ്ടാം സ്ഥാനത്താണ്. ഒരു വീട് വാടകയ്ക്ക് ലഭിക്കണമെങ്കിലും സാധരണ നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതൽ തുക ചിലവാക്കേണ്ടി വരും. അമിതമായ ജീവിതച്ചെലവ് ഉണ്ടായിരുന്നിട്ടും ന്യൂയോർക്കിലേക്ക് ആകർഷിക്കപ്പെടുന്നവർ നിരവധിയാണ്. ‘അവസരങ്ങളുടെ നഗരം’ എന്നാണ് ന്യൂയോർക്ക് അറിയപ്പെടുന്നത്. മീഡിയ, ടെക്നോളജി, ഫാഷൻ, ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ് എന്നിവയിൽ ന്യൂയോർക്കിന് വ്യക്തമായ ആധിപത്യമുണ്ട്.
ഗൂഗിൾ, ആമസോൺ, ഫേസ്‌ബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികളും നഗരത്തിൽ വേരുറപ്പിച്ചതോടെ നഗരത്തിൽ സാങ്കേതിക മേഖലയും അതിവേഗ വളർച്ച കൈവരിക്കുകയാണ്.ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 നഗരങ്ങളുടെ ലിസ്റ്റാണ് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയത്. നോർത്തേൺ കാലിഫോർണിയ, ടോക്കിയോ, സിംഗപ്പൂർ, ലണ്ടൻ, ലോസ് ഏഞ്ചൽസ്, പാരീസ്, സിഡ്‌നി, ഹോങ്കോങ്, ബെയ്ജിംഗ് എന്നീ നഗരങ്ങളാണ് ന്യൂയോർക്കിന് പിന്നിൽ സ്ഥാനം പിടിച്ച സമ്പന്ന നഗരങ്ങൾ.
STORY HIGHLIGHTS: worlds-richest-city