രാജ്യത്തെ വമ്പൻ മയക്കുമരുന്ന് മാഫിയയെ പൂട്ടി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. നവി മുംബൈ സ്വദേശിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ലഹരിസംഘത്തെയാണ് മുംബൈ എന്‍.സി.ബി. പൂട്ടിട്ടത്. സംഘവുമായി ബന്ധപ്പെട്ട ആറുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഏകദേശം 1,128 കോടി രൂപയുടെ മയക്കുമരുന്ന് കച്ചവടം ഇവര്‍ നടത്തിയതായാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്.
നവീന്‍ ഛിച്ച്കാര്‍ എന്നയാളാണ് മയക്കുമരുന്ന് മാഫിയയുടെ തലവന്‍. സംഘത്തിലുള്ളവരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. അതേസമയം, ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുംബൈ വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നതായി എന്‍.സി.ബി. നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് സംഘം ഏകദേശം 90 കിലോ കൊക്കെയ്‌നും 60 കിലോ ഹൈബ്രിഡ് കഞ്ചാവും വില്‍പ്പന നടത്തിയതായി കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ പ്രതികളില്‍നിന്ന് 11.54 കിലോ കൊക്കെയ്‌നും 4.9 കിലോ ഹൈബ്രിഡ് കഞ്ചാവും 1.60 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഹവാല ഇടപാടുകാരനായ എച്ച്. പട്ടേല്‍, എച്ച്. മാനേ എന്നിവരെ നവി മുംബൈയില്‍നിന്ന് പിടികൂടി. മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണമാണ് ഹവാല ഇടപാടിനായി ഇരുവരും ഉപയോഗിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
STORY HIGHLIGHT: Mumbai Man Behind Huge Drug Cartel