സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ രണ്ടാം വർഷ വിദ്യാർഥി മർദിച്ചതായി പരാതി. കംപ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർഥി പാപ്പിനിശേരി ചുങ്കം ഇമാൻ മസ്ജിദിനു സമീപം സഹൽ അബ്ദുല്ലയുടെ പരാതിയിലാണ് രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥി കണ്ണൂർ താണ മുഹമ്മദ് ഫൈസാന്റെ പേരിൽ കേസെടുത്തത്.
സഹൽ അബ്ദുല്ലയെ മുഹമ്മദ് ഫൈസാന്റെ നേതൃത്വത്തിൽ ശുചിമുറിയിലേക്ക് വിളിച്ചു കൊണ്ട് പോയി മുഖത്ത് അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. മറ്റ് സീനിയർ വിദ്യാർഥികളും കൂടെയുണ്ടായിരുന്നതായി സഹൽ അബ്ദുല്ല പറയുന്നു. സഹൽ അബ്ദുല്ല പ്രിൻസിപ്പലിനു നൽകിയ പരാതി കോളജ് അധികൃതർ പോലീസിനു കൈമാറുകയായിരുന്നു.
മുഹമ്മദ് ഫൈസാനെ സസ്പെൻഡ് ചെയ്തയായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തിൽ കോളജ് അധികൃതരുടെ റിപ്പോർട്ട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ റാഗിങ് ഉൾപ്പെടെയുള്ള വകുപ്പുകൾ കൂട്ടി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: first year student attacked by senior