Kerala

ചോറ്റാനിക്കര ഉത്സവത്തിനു നാളെ കൊടിയേറും

ചോറ്റാനിക്കര: ദേവീക്ഷേത്രത്തിൽ മകം ഉത്സവത്തിനു നാളെ കൊടിയേറും. 15 വരെയാണ് ഉത്സവം. പ്രസിദ്ധമായ മകം തൊഴൽ‌ 12ന് ഉച്ചയ്ക്ക് 2 മുതൽ 9.30 വരെ നടക്കും. 13നു നടക്കുന്ന പൂരം എഴുന്നള്ളിപ്പ്, 14ലെ ഉത്രം ആറാട്ട്, 15ലെ അത്തം വലിയ ഗുരുതി എന്നിവയാണ് ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ. നാളെ വൈകിട്ട് 5.30നു കിഴക്കേ ചിറയിലേക്കുള്ള ആറാട്ടെഴുന്നള്ളിപ്പോടെ ഉത്സവത്തിനു തുടക്കം കുറിക്കും. ആറാട്ടിനു ശേഷം തന്ത്രി എളവള്ളി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റും.

മകം നാളായ 12നു 2 മുതൽ 9.30 വരെയാണു മകം തൊഴൽ. പൂരം നാളായ 13നു രാത്രി 11ന് 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. ഉത്രം ആറാട്ട് ദിവസമായ 14ന് വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്. ശേഷം ക്ഷേത്രത്തിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. 15നു രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും കൊടിയേറ്റിനു ശേഷം 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിക്കില്ല. ഉത്സവത്തോടനുബന്ധിച്ചു നാളെ മുതൽ 15 വരെ ഭജന, വലിയ ഗുരുതി, അന്നദാനം, വിവാഹം, ചോറൂണ്, തുടങ്ങിയ വഴിപാടുകൾ നടത്തുന്നതല്ലെന്ന് ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള അറിയിച്ചു.