വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാനാകുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് കഫക്കെട്ടു മൂലം 2 തവണ ഗുരുതര ശ്വാസതടസ്സം അനുഭവപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയതിനു പിന്നാലെയാണ് നില അൽപം മെച്ചപ്പെട്ടത്. തിങ്കൾ രാത്രി നന്നായി ഉറങ്ങി. ഇപ്പോൾ വെന്റിലേറ്റർ മാറ്റി. മൂക്കിലെ ട്യൂബ് വഴി ഓക്സിജൻ നൽകുന്നതു പുനരാരംഭിച്ചു. ഇന്നലെ പകൽ വിശ്രമിച്ചു. പ്രാർഥിച്ചു. രക്തപരിശോധനാഫലത്തിൽ പുതിയ അണുബാധയുടെ സൂചനയില്ല. സങ്കീർണമായ ആരോഗ്യനിലയായതുകൊണ്ട് ഇനിയും ശ്വാസതടസ്സമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ പ്രസ് ഓഫിസ് അറിയിച്ചു.
ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലാണു മാർപാപ്പ. ആശുപത്രിവാസം ഇന്ന് 20 ദിവസം പൂർത്തിയാകും. 2013 മാർച്ചിൽ മാർപാപ്പയായശേഷം ഇതാദ്യമാണ് ഇത്രയും ദീർഘകാലം പൊതുപരിപാടികളിൽനിന്നു വിട്ടുനിൽക്കുന്നത്.